ബിരുദ കോഴ്‌സുകള്‍ക്ക് ജപ്പാന്‍ സ്‌കോളര്‍ഷിപ്പ്

By Karthick

Monday 14 May 2018 04:27 AM

ചെന്നൈ: ജപ്പാനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളുമായി ജപ്പാന്‍ സര്‍ക്കാര്‍. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍, നാലു വര്‍ഷം ദൈര്‍ഘ്യമുള്ള സാങ്കേതിക കോഴ്‌സുകള്‍ക്കും അഞ്ചു വര്‍ഷത്തെ യൂണിവേഴ്‌സിറ്റി ബിരുദപഠനത്തിനുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

എല്ലാ കോഴ്‌സിലും ആദ്യ ഒരുവര്‍ഷം നിര്‍ബന്ധമായും ജാപ്പനീസ് ഭാഷ പഠിക്കുന്നതിന് ചെലവഴിക്കണം. അപേക്ഷകര്‍ 1994 ഏപ്രില്‍ രണ്ടിനും 2002 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരും ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി റെഗുലര്‍ വിദ്യാര്‍ഥികളായി മാര്‍ച്ച് 2019നു മുന്‍പ് വിജയിക്കുകയും വേണം. പ്രവേശനപ്പരീക്ഷയുണ്ടാകും.

യൂണിവേഴ്‌സിറ്റി ബിരുദവിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ജൂലായ് ഏഴിനും പ്രൊഫഷണല്‍, സാങ്കേതിക വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ജൂലായ് 14നും പ്രവേശനപ്പരീക്ഷ നടത്തും. അപേക്ഷകള്‍ ജൂണ്‍ 15ന് മുന്‍പായി ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റില്‍ എത്തിക്കണം. വിലാസം: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ജപ്പാന്‍, 12/1 സെനട്ടോഫ് റോഡ്, ഫസ്റ്റ് സ്ട്രീറ്റ്, തേനാംപേട്ട, ചെന്നൈ 600018. വിവരങ്ങള്‍ക്ക്: 04424323860 63. https://goo.gl/nXWTDX