ഇന്തൊനീഷ്യയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം: 13 മരണം

By Karthick

Monday 14 May 2018 10:06 AM

സുരബായ: ഇന്തൊനീഷ്യയിലെ കിഴക്കന്‍ജാവ പ്രവിശ്യയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളില്‍ ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേര്‍ന്നു നടത്തിയ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്കു പരുക്കേറ്റു.

സിറിയയില്‍നിന്നു മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) അനുഭാവികളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ നാട്ടില്‍ ജെമ അന്‍ഷറൂത്ത് ദൗല (ജെഎഡി) എന്ന ഭീകരസംഘടനയുടെ ഭാഗമായാണു പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ ഞായറാഴ്ച രാവിലെ ഒന്നാമത്തെ കുര്‍ബാനയ്ക്കു ശേഷമായിരുന്നു ആദ്യ ആക്രമണം. ബോംബുകള്‍ മടിയില്‍വച്ചു ബൈക്കിലെത്തിയ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആണ്‍മക്കളാണു ചാവേറുകളായത്. നാലുപേര്‍ കൊല്ലപ്പെട്ടു. മിനിറ്റുകള്‍ക്കകം ദിപൊനെഗൊരൊ പള്ളിയില്‍ മാതാവും പന്ത്രണ്ടും ഒന്‍പതും വയസ്സുള്ള പെണ്‍മക്കളും ബാഗില്‍ കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കളുമായി തള്ളിക്കയറി പൊട്ടിത്തെറിച്ചു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പെന്തക്കോസ്ത് പള്ളിയുടെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു പിതാവിന്റെ ആക്രമണം.

ജെഎഡി ഭീകരശൃംഖലയെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ ഉത്തരവിട്ടു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഭീകരപട്ടികയിലുള്ളതാണ് ഈ സംഘടന. രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ ഏറ്റവും വലുതാണിത്. ജക്കാര്‍ത്തയിലെ അതിസുരക്ഷാ ജയിലില്‍ ഈ മാസം ആദ്യമുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍സംഭവമാണിതെന്നു സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്ന് ഭീകരക്കുറ്റവാളികള്‍ അഞ്ചു ജയില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി.