ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച സംഭവം: ദമ്പതികള്‍ക്ക് വധശിക്ഷ

By Karthick

Monday 02 Apr 2018 20:01 PM

കുവൈറ്റ്: ഫിലിപ്പീന്‍സ് സ്വദേശിനിയായ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവരുടെ അഭാവത്തിലാണു കുവൈത്ത് കോടതി വിധി. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ അറസ്റ്റിലായ ഇവരില്‍ ഭര്‍ത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. കുവൈത്തില്‍ തിരിച്ചെത്തുന്നപക്ഷം ഇവര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടുപേരെയും തിരികെയെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുമുണ്ട്. കൊലപാതകം കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലേക്കു ജോലിക്കായി പോകരുതെന്നു പൗരന്മാര്‍ക്കു ഫിലിപ്പീന്‍സ് നിര്‍ദേശവും നല്‍കി. ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് കുറ്റക്കാരനെന്ന് ലബനന്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല്‍പ്പതുകാരനായ പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാളുടെ സിറിയന്‍ സ്വദേശിയായ ഭാര്യയും കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനീസ് പൗരന്‍ അസാഫിനെതിരെ ഉടന്‍ വിചാരണ തുടങ്ങുമെന്നും പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ലബനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലബനന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കുവൈത്ത് കോടതിയുടെ വിധി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസമാണ് പ്രതി അസാഫ് കസ്റ്റഡിയില്‍ ആയ വിവരം ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്. 2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്തിലെ അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു.