കൊല്ലപ്പെട്ട ശ്രീജിത്ത് അല്ല പ്രതിയെന്ന് വെളിപ്പെടുത്തല്‍, പോലീസിന് ആളുമാറി

By Karthick

Wednesday 11 Apr 2018 02:15 AM

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തി. 'അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല', മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് വെളിപ്പെടുത്തി. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു. അതിനിടെ ശ്രീജിത്തിന്റെ ചികിത്സാ രേഖകള്‍ പുറത്ത്. ഞായറാഴ്ച ശ്രീജിത്തിനെ പ്രവേശിപ്പിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാരേഖകളാണ് പുറത്തായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ശ്രീജിത്തിന്റെ അടിവയറ്റിനുള്ളിലും ചെറുകുടലിലും വലിയ മുറിവേറ്റിരുന്നു. ഹൃദയത്തില്‍ നീര്‍ക്കെട്ടുമുണ്ടായിരുന്നു. മാത്രമല്ല ആന്തരികാവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും ചികിത്സാ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് മര്‍ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഏറെ നിര്‍ണായകമായേക്കാവുന്ന ചികിത്സാ രേഖകള്‍ പുറത്ത് വന്നത്. ഇത്തരത്തില്‍ വലിയ മുറിവുകള്‍ ശരീരത്തിനുള്ളില്‍ ഉണ്ടാവണമെങ്കില്‍ അത്രയും ശക്തമായ മര്‍ദനം ശ്രീജിത്തിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികളും പുരോഗമിച്ച് വരികയാണ്. ശനിയാഴ്ച രാവിലെയായിരുന്നു വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തിനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയത്. തുടര്‍ന്ന് അവശ നിലയില്‍ ഞായറാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയും ചെയ്തു.