ഇന്റേണ്‍ഷിപ്പിനു വിദേശത്തു പോകാം

By Karthick

Monday 16 Apr 2018 21:00 PM

പഠനം കഴിഞ്ഞാല്‍ ഇന്റേണ്‍ഷിപ്പ് അഥവാ തൊഴില്‍ പരിശീലനം ഇപ്പോള്‍ ഒഴിച്ചുകൂടാനാവില്ല. പഠിക്കുന്ന കോളജിരിക്കുന്ന സ്ഥലത്തോ വീടിനടുത്തോ ഒക്കെ ഇന്റേഷണ്‍ഷിപ്പ് നല്‍കുന്ന ഒരു സ്ഥാപനത്തെ തിരഞ്ഞു പിടിക്കലാണു ഭൂരിപക്ഷവും ചെയ്യുക. ചിലര്‍ ഒരു പടി കൂടി കടന്നു ഡല്‍ഹിയിലോ മുംബൈയിലോ ബെംഗളൂരുവിലോ ഒക്കെ ചെന്ന് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെന്നിരിക്കും. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് ഒരു ഇന്റേണ്‍ഷിപ്പിനെക്കുറിച്ചു പലരും ചിന്തിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ അതൊക്കെ ഇനി പഴങ്കഥ. കടലും കരയും കടന്ന് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ തേടി വിദേശ രാജ്യങ്ങളിലേക്കു പോകുന്നതാണു പുതുകാലത്തിന്റെ ട്രെന്‍ഡ്. ഫ്രാന്‍സോ ജര്‍മനിയോ അമേരിക്കയോ സിംഗപ്പൂരോ ഒക്കെ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് ന്യൂജെനറേഷന്‍ വിദ്യാര്‍ഥികള്‍. ഇങ്ങനെ രാജ്യം വിട്ടുള്ള ഇന്റേണ്‍ഷിപ്പിനു നിരവധി പ്രയോജനങ്ങളുണ്ട്. വിദേശപഠനത്തിനും ജോലിക്കുമുള്ള പാലം പുറത്തു പോയി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍ പലരും ഉന്നത പഠനത്തിനായി അവിടേക്കു വീണ്ടും ചെല്ലാറുണ്ടെന്നതാണു കണക്കുകള്‍. ഇന്റേണ്‍ഷിപ്പിനായി വിദേശ രാജ്യത്തു ചെല്ലുമ്പോള്‍ ആ രാജ്യത്തെയും അവിടുത്തെ സാഹചര്യങ്ങളെയുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ഇതു ഭാവിയില്‍ അവിടെ പഠിക്കാനും ജോലി ചെയ്യാനുമുള്ള പ്രചോദനമാകുമെന്നുറപ്പ്. ആഗോള നെറ്റ്‌വര്‍ക്ക് വിദേശത്തു പോയി വിവിധ രാജ്യക്കാരുമായി ഒത്തൊരുമിച്ചു ജോലി ചെയ്യുമ്പോള്‍ നമ്മുടെ നെറ്റ്‌വര്‍ക്കിങ് വേറെ ലെവലാകും. ഇന്റേണ്‍ഷിപ്പ് കാലത്തുണ്ടാക്കുന്ന ഈ ആഗോള സൗഹൃദങ്ങള്‍ പില്‍ക്കാലത്തു നിരവധി തൊഴിലവസരങ്ങളിലേക്കു നയിക്കാം. വിശാല കാഴ്ചപ്പാട്, ആശയവിനിമയശേഷി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വിവിധ സംസ്കാരങ്ങളില്‍പ്പെട്ടവരുമായ ആളുകളോട് ഇടപെടുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടും വിശാലമാകും. കൂടുതല്‍ തുറന്ന മനഃസ്ഥിതിയോടെ വ്യക്തികളോട് ഇടപെടാനും കാര്യങ്ങളെ നോക്കിക്കാണാനും സാധിക്കും. ആശയവിനിമയശേഷിയും ഇതിലൂടെ മെച്ചപ്പെടും. യാത്രകളുടെ തുടക്കം ഒരു വിദ്യാര്‍ഥിയായിരിക്കുമ്പോഴും പിന്നീടു കുടുംബമാകുമ്പോഴും ചെയ്യുന്ന യാത്രകള്‍ വ്യത്യസ്തമായ അനുഭവങ്ങളാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ യാത്രയില്‍നിന്നു ലഭിക്കുന്ന അനുഭവജ്ഞാനം അമൂല്യമാണ്. കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമെല്ലാം ആകുന്നതിനു മുന്‍പേ ലോകം ചുറ്റിക്കറങ്ങാനുള്ള സുവര്‍ണ അവസരമാണ് ഇന്റേണ്‍ഷിപ്പ് കാലഘട്ടം. വിദേശ ഇന്റേണ്‍ഷിപ്പ് എങ്ങനെ കണ്ടെത്താം ഐക്യരാഷ്ട്ര സംഘടന, ഗൂഗിള്‍, സന്നദ്ധ സംഘടനകള്‍, രാജ്യാന്തര സംഘടനകള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ഒരുക്കാറുണ്ട്. പ്രതിഫലം ലഭിക്കുന്നതും അല്ലാത്തതുമായുള്ള ഇന്റേണ്‍ഷിപ്പുകള്‍ ഉണ്ടാകാം. ഇന്റേഷണ്‍ഷിപ്പിനു ലഭിക്കുന്ന പ്രതിഫലം ശമ്പളത്തോളം വരില്ലെന്നതിനാല്‍ ചെലവുകളെ സംബന്ധിച്ച കാര്യങ്ങള്‍ പലപ്പോഴും വിദ്യാര്‍ഥി തന്നെ ഏറ്റെടുക്കേണ്ടി വരും.