വത്തിക്കാന്‍ ഹ്രസ്വ ചലച്ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം

By Karthick

Monday 18 Jun 2018 08:56 AM

മാഡ്രിഡ്: കുടിയേറ്റത്തെ സംബന്ധിച്ച വത്തിക്കാന്‍റെ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളര്‍ത്താനും ഉള്‍ക്കൊള്ളാനും” (To welcome, to protect, to promote and to integrate) എന്ന പേരിലുള്ള ഹ്രസ്വ ചലച്ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം. മൂന്നര മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം കഴിഞ്ഞ വര്‍ഷമാണ് വത്തിക്കാന്‍ പുറത്തിറക്കിയത്. സ്‌പെയിനിലെ മാഡ്രിഡില്‍ ജൂണ്‍ 15നു അരങ്ങേറിയ 12മത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രം എന്ന വിഭാഗത്തിലാണ് പുരസ്ക്കാരം നേടിയത്.

സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള വിഭാഗവും അര്‍ജന്‍റീനയില്‍ ബ്യൂണസ് അയേഴ്‌സ് നഗരം കേന്ദ്രമാക്കിയുള്ള 'ലാ മാക്കി കമ്യൂണിക്കേഷന്‍സ' കമ്പനിയും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. മുപ്പതില്‍പ്പരം ഭാഷകളില്‍ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഹ്രസ്വചലച്ചിത്രം ഉപശീര്‍ഷകം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിന്നു. മാഡ്രിഡിലെ ഫെര്‍ണാണ്ടോ റോജാസ് തിയറ്ററില്‍ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍ സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ചേര്‍ണി അവാര്‍ഡ് ഏറ്റുവാങ്ങി.