കുടിയേറ്റക്കാരുടെ കുട്ടികളെ അകറ്റുന്നത് വെറുപ്പുളവാക്കുന്നു: മെലാനിയ

By Karthick

Tuesday 19 Jun 2018 08:52 AM

ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തില്‍നിന്ന് വേര്‍പെടുത്തുന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നയത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രസിഡന്‍റിന്‍െറ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപും മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍െറ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ലോറ ബുഷുമാണ് കഴിഞ്ഞ ദിവസം നിയമത്തിനെതിരെ രംഗത്തുവന്നത്.

കുടുംബങ്ങളില്‍നിന്ന് കുട്ടികള്‍ വേര്‍പെടുത്തപ്പെടുന്നത് വെറുപ്പോടെയാണ് പ്രഥമ വനിത കാണുന്നതെന്ന് മെലാനിയയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് പ്രഥമ വനിത സര്‍ക്കാറിന്‍െറ നയപരമായ കാര്യങ്ങളില്‍ അപൂര്‍വമായി മാത്രമാണ് പ്രസ്താവനയിറക്കാറുള്ളത്. നിലവിലെ അവസ്ഥ പരിഹരിക്കുന്നതിന് എല്ലാ വിഭാഗത്തിനും യോജിച്ച &ിയുെ;പരിഷ്കരണമുണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് മുന്‍ പ്രഥമ വനിത ലോറ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന കുട്ടികളെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തുന്ന രീതി അപലപനീയവും ക്രൂരവും അധാര്‍മികവുമാണെന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. ട്രംപ് അനുകൂലിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗവുമായ ബുഷിന്‍െറ ഭാര്യയുടെ അഭിപ്രായപ്രകടനം മാധ്യമങ്ങള്‍ വലിയ പ്രാധാന്യപൂര്‍വമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ കുട്ടികളെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഈ ചിത്രങ്ങള്‍ രണ്ടാം ലോക യുദ്ധകാലത്തെ ജപ്പാനീസ് അമേരിക്കന്‍ കാമ്പുകളെ ഓര്‍മിപ്പിക്കുന്നതാണ്. യു.എസ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത് ലോറ കുറിച്ചു. അതിനിടെ, കുട്ടികളെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തുന്ന യു.എസ് സര്‍ക്കാറിന്‍െറ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടനയും ആവശ്യപ്പെട്ടു. കുട്ടികളെ കുടുംബത്തില്‍നിന്ന് വേര്‍പെടുത്തുന്നത് മനസ്സാക്ഷിക്ക് യോജിക്കാനാവാത്ത നടപടിയാണെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷന്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞ ആറാഴ്ചക്കിടയില്‍ യു.എസ്‌മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 2000ത്തോളം കുട്ടികളെ കുടുംബങ്ങളില്‍നിന്ന് വേര്‍പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തി വഴി യു.എസിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ട്രംപ് ഭരണത്തിലേറിയതോടെയാണ് നിയമം കര്‍ശനമാക്കിയത്.