സിനിമ പഠിക്കാം, മികച്ച പ്രൊഫഷന്‍ തെരഞ്ഞെടുക്കാം

By Karthick

Friday 22 Jun 2018 16:59 PM

സിനിമ പഠിക്കാന്‍ ഇന്ത്യയിലെ മികച്ച ഫിലിം സ്കൂളുകളിലൊന്നായ എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടിവി അക്കാദമിയല്‍ പോരാം. കോഴ്‌സ് കഴിഞ്ഞു സിനിമാനിര്‍മാണ രംഗത്തെ തികവാര്‍ന്നൊരു പ്രഫഷനലായി പുറത്തിറങ്ങാം.

സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സേവന രംഗത്ത് ഏഷ്യയിലെ തന്നെ മുന്‍നിരക്കാരായ എല്‍.വി. പ്രസാദ് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ ഫിലിം അക്കാദമി. ഇന്ത്യന്‍ സിനിമയിലെ അതികായരിലൊരാളും ദാദാസാഹിബ് ഫാല്‍ക്കേ പുരസ്ക്കാര ജേതാവുമായ എല്‍. വി. പ്രസാദ് ആണ് ഗ്രൂപ്പിന്റെ സ്ഥാപകന്‍. വിഷ്വല്‍ ഇഫക്ട്‌സ്, ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ്, ഡിജിറ്റല്‍ ഫിലിം ലാബ് സര്‍വീസസ്, എഡിറ്റിങ്, ഓഡിയോ, 3 ഡി സിനിമ നിര്‍മാണം, ഡിജിറ്റല്‍ ഫിലിം റിസ്‌റ്റോറേഷന്‍, ആര്‍ക്കൈവിങ് എന്നിങ്ങനെ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എല്‍.വി. പ്രസാദ് ഗ്രൂപ്പ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ, നടന്‍, ബിസിനസ്സുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ആളായിരുന്നു എല്‍.വി. പ്രസാദ്. പോക്കറ്റില്‍ നൂറു രൂപയും തല നിറയെ പുതിയ ആശയങ്ങളുമായി നിശബ്ദ ചിത്രങ്ങളുടെ കാലത്ത് മുംബൈയില്‍ വന്നിറങ്ങിയതാണ് അദ്ദേഹം. വലിയ വിദ്യഭ്യാസമോ ഇംഗ്ലിഷ്, ഹിന്ദി വിജ്ഞാനമോ ഒന്നും ഉണ്ടായിരുന്നില്ല. കൊഹിനൂര്‍ സ്റ്റുഡിയോയുടെ പുറത്ത് ഒരു തുന്നല്‍ക്കടയില്‍ ക്ലീനറും അസിസ്റ്റന്റുമായിട്ടായിരുന്നു തുടക്കം. അവിടെ നിന്ന് 1983 ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്ക്കാരം വരെ നീളുന്ന ജീവിതം സിനിമാക്കഥയേയും വെല്ലുന്നതാണ്. എല്‍.വി. പ്രസാദിന്റെ ദര്‍ശനമാണ് അക്കാദമിയിലൂടെ താന്‍ സാക്ഷാത്ക്കരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ രമേശ് പ്രസാദ് 2005ല്‍ അക്കാദമി ആരംഭിക്കുമ്പോള്‍ പറഞ്ഞു.

എല്‍.വി. പ്രസാദ് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കിയതു പോലെതന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ഈ അക്കാദമിയും വളര്‍ന്നു. ചെന്നൈയിലും തിരുവനന്തപുരത്തുമായി രണ്ടു ക്യാംപസുകള്‍. ചെന്നൈയിലെ 14ാം ബാച്ചും തിരുവനന്തപുരത്തെ 4ാം ബാച്ചും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇറങ്ങാന്‍ സജ്ജരായി നില്‍ക്കുന്നു. സംവിധായകരായ ബാലാജി മോഹന്‍, ആര്‍. എസ്. പ്രസന്ന, ഛായാഗ്രാഹകരായ അഭിനന്ദന്‍ രാമാനുജം!, കൃഷ്ണന്‍ വസന്ത്... ഈ അക്കാദമിയില്‍ പഠിച്ചിറങ്ങി സിനിമ മേഖലയില്‍ സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയവരുടെ പട്ടിക നീളുകയാണ്.

സ്റ്റട്ഗ്രാഡ്, ധാക്ക, റൊമാനിയ, ഫ്രാന്‍സ്, നോര്‍വേ, ഗോവ തുടങ്ങിയ രാജ്യാന്തരവും ദേശീയവുമായ നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടി. ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എംബിഎ കോഴ്‌സിന്റെ അക്കാദമിക പങ്കാളിയും ഫിക്കിയുടെ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സ്കില്‍ കൗണ്‍സിലിന്റെ പരിശീലന പങ്കാളിയുമാണ് എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടിവി അക്കാദമി. തിരുവനന്തപുരത്ത് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലാണ് അക്കാദമിയുടെ കേരളത്തിലെ ക്യാംപസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടിവി അക്കാദമി കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് കഴക്കൂട്ടം തിരുവനന്തപുരം–695585. [email protected]