ഉഗാണ്ടയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണേ? നികുതി നല്‍കണം

By Karthick

Friday 22 Jun 2018 17:01 PM

കമ്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇനി ഫേസ്ബുക്ക്, വാട്‌സ്ആപ്, ട്വിറ്റര്‍, വൈബര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നികുതി നല്‍കണം. അപവാദ പ്രചാരണങ്ങള്‍ തടയാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് യുഗാണ്ട സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കുമേല്‍ നികുതി ചുമത്തുന്നത്.

ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് തീരുവ ഭേദഗതി ബില്‍ പ്രകാരം ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ്(3.35 ഇന്ത്യന്‍ രൂപ) അടക്കണം. പ്രസിഡന്‍റ് യുവേരി മുസവേനി കഴിഞ്ഞ മാര്‍ച്ചില്‍ സമൂഹമാധ്യമങ്ങള്‍ അപവാദ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ധനമന്ത്രി മാറ്റിയ കസൈജക്ക് കത്തയച്ചിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രത്തിന്‍െറ ധനക്കമ്മി നികത്താനും മറ്റും ഈ നികുതിപ്പണം ഉപയോഗിക്കാനാണ് നീക്കം. ഇതിനായി രാജ്യത്ത് നിലവിലുള്ള മൊത്തം സിം കാര്‍ഡുകളും ശരിയായ രീതിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മൊബൈല്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു ശതമാനം ലെവി ചുമത്താനുള്ള തീരുമാനത്തോടൊപ്പം മറ്റ് ചില നികുതികള്‍കൂടി നിലവില്‍ വന്നിട്ടുണ്ട്.