പ്രാധാന്യമേറുന്ന അറ്റ്‌മോസ്ഫറിക് സയന്‍സ്

By Karthick

Monday 25 Jun 2018 07:38 AM

കാലാവസ്ഥാവ്യതിയാനങ്ങള്‍ പഠിക്കുന്ന അറ്റ്‌മോസ്ഫറിക് സയന്‍സ് മേഖലയ്ക്കു ദിനംപ്രതി പ്രാധാന്യമേറുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളിലുമായി ഈ രംഗത്തെ പ്രഫഷനലുകളുടെ സേവനം പരിമിതമായ തോതില്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ താമസിയാതെ സ്ഥിതി മാറുമെന്നാണു വിലയിരുത്തല്‍. ഇന്ത്യന്‍ നഗരങ്ങളിലെ കാലാവസ്ഥാമാറ്റത്തിനും മലിനീകരണപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വിദഗ്ധരുടെ സേവനം കൂടുതല്‍ വേണ്ടിവരും. ശക്തമായ ഇന്റര്‍ഡിസിപ്ലിനറി സ്വഭാവമുള്ള പഠനശാഖയായതിനാല്‍ യോഗ്യരായ ആളുകളുടെ എണ്ണം പൊതുവേ കുറവാണു താനും.

ശാസ്ത്ര, സാങ്കേതിക മേഖലയിലുള്ള ബിരുദധാരികള്‍ക്കുവേണ്ടി ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളാണു ഈ രംഗത്തു കൂടുതല്‍. ബിരുദതലത്തില്‍ പഠിച്ചതു ഫിസിക്‌സോ ജ്യോഗ്രഫിയോ ഇക്കണോമിക്‌സോ പോലുമാകട്ടെ, ഈ രംഗത്ത് ഉപരിപഠനത്തിന് അവസരമുണ്ട്.ഗവേഷണത്തോട് ശക്തമായ ചായ്‌വുള്ള കോഴ്‌സുകളാണു പലതും.സയന്റിസ്റ്റ്, അറ്റ്‌മോസ്ഫറിക് ഡേറ്റ സയന്റിസ്റ്റ്, മീറ്റിയറോളജിസ്റ്റ്, ക്ലൗഡ് ഫിസിസ്റ്റ്, എയ്‌റോണമിസ്റ്റ്, ഓഷനോഗ്രഫിസ്റ്റ് തുടങ്ങിയ പല റോളുകളില്‍ ഈ മേഖലയിലെ പ്രഫഷനലുകള്‍ ജോലി ചെയ്യുന്നു. വിദേശത്തും അവസരങ്ങളേറെ.

ബെംഗളൂരു ഐഐഎസ്‌സി (http://www.iisc.ac.in/), വിവിധ ഐഐടികള്‍, ഐഎസ്ആര്‍ഒയുടെ കീഴില്‍ ഡെറാഡൂണിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് (http://www.iirs.gov.in/), പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജn (http://wwwt.ropmet.res.in/) തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളില്‍ അറ്റ്‌മോസ്ഫറിക് സയന്‍സസില്‍ സ്‌പെഷലൈസേഷനുള്ള കോഴ്‌സും ഗവേഷണസൗകര്യവുമുണ്ട്. കേരളത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലും പഠനാവസരങ്ങളുണ്ട് (http://das.cusat.ac.in/).