ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 25 ശതമാനം മാത്രം

By Karthick

Monday 25 Jun 2018 07:40 AM

ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളുമാണ് നമ്മുടെ സമൂഹത്തില്‍ എല്ലാം എന്നാണ് ചിലരുടെ ധാരണ. എന്നാല്‍ അറിഞ്ഞോളൂ.. അത് തെറ്റാണ്. പുതിയ പഠനം പ്രകാരം ഇന്ത്യയില്‍ കേവലം 25 ശതമാനം ആളുകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2013 ല്‍ ഇത് കേവലം 13 ശതമാനമായിരുന്നു. പ്യൂ റിസര്‍ച്ച് സെന്ററാണ് ഈ പുതിയ സര്‍വേ ഫലം പുറത്തുവിട്ടത്. 2017 ല്‍ നടത്തിയ ഈ സര്‍വേ പ്രകാരം ലോകത്ത് തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

37 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം ദക്ഷിണ കൊറിയ ആണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യം. ദക്ഷിണ കൊറിയയിലെ 96 ശതമാനും മുതിര്‍ന്നവരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ചൊവ്വാഴ്ച്ച പുറത്ത് വന്ന സര്‍വേ ഫലം പ്രകാരം ഇന്ത്യയും സബ് സഹാറന്‍ ആഫ്രിക്കയുമാണ് ഏറ്റവും പിറകില്‍. ഇന്ത്യയില്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉളളവര്‍ 2013 ല്‍ 12 ശതമാനം ആയിരുന്നെങ്കില്‍ 2017 ല്‍ അത് 22 ശതമാനമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ 2013 ല്‍ എട്ട് ശതമാനമാണെങ്കില്‍ 2017 ല്‍ അത് 20 ശതമാനമാണ്.

അതായത് 78 ശതമാനം വരുന്ന ഇന്ത്യക്കാര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെന്ന് മാത്രമല്ല 80 ശതമാനം വരുന്ന ഇന്ത്യക്കാര്‍ക്ക് ഫെയ്?സ്ബുക്കും വാട്‌സ്ആപ്പും എന്താണെന്ന് അറിയുക പോലുമില്ല. സര്‍വേ നടന്ന രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കൃത്യമായ വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.