കനേഡിയന്‍ യുവതിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

By Eswara

Thursday 28 Jun 2018 14:08 PM

ന്യൂഡല്‍ഹി: കനേഡിയന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റുചെയ്തു. അഭിഷേക് എന്നയാളാണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലം ഇന്ത്യയാണെന്ന് കണ്ടെത്തിയ ആഗോള സര്‍വെ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.

ചൊവ്വാഴ്ച രാത്രി സൗത്ത് ഡല്‍ഹിയിലെ പബ്ബില്‍വച്ച് പരിചയപ്പെട്ട സ്ത്രീയെ അഭിഷേക് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സൗഹൃദം നടിച്ച് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷനാണ് സ്ത്രീസുരക്ഷ സംബന്ധിച്ച ആഗോള സര്‍വെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും അപകടകരമായ നഗരങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി.