മക്കളെ വില്‍ക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍

By Karthick

Friday 06 Jul 2018 02:46 AM

കോര്‍പസ്ക്രിസ്റ്റി: സൗത്ത് ടെക്‌സസില്‍ നിന്നുള്ള എസ്‌മെറാള്‍ഡ ഗാര്‍സ് (29) ഏഴു വയസുള്ള മകനെ അജ്ഞാതരായ രണ്ടു പേര്‍ക്ക് വില്‍ക്കുകയും മറ്റു ചെറിയ രണ്ടു കുട്ടികളെ വില്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു.

കോര്‍പസ്ക്രിസ്റ്റിയിലുള്ള ഇവരുടെ വീട്ടില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിലാണ് എസ്‌മെറാള്‍ഡ ഗാര്‍സിനെ പിടികൂടിയത്. രണ്ടും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ വില്‍ക്കുന്ന കരാറില്‍ ഒപ്പിടുന്ന സമയത്താണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവരെ കൂടാതെ മറ്റൊരാളെ കൂടി ഇവിടെ നിന്നും അറസ്റ്റു ചെയ്തു.

കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് ന്യൂ സെസ് കൗണ്ടി ജയിലില്‍ അടച്ച ഇവര്‍ക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫിസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതായും ഷെറിഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍