ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും! ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ നടപടി വരും

By Karthick

Thursday 05 Jul 2018 21:25 PM

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരേ നടപടിയെടുക്കാന്‍ എക്‌സൈസ് വകുപ്പ്.

ജിഎന്‍പിസി ഫെയ്‌സ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്കിയതായി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് രാഷ്ട്രദീപികയോട് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്‌സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും എന്നാല്‍ ഉത്തരവാദിത്വത്തോടെയുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഗ്രൂപ്പിന്‍റെ ആപ്തവാക്യം. മദ്യപാനം വ്യാപകമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് ജിഎന്‍പിസി ചെയ്യുന്നതെന്നാണ്

മദ്യനിരോധനസംഘടനകള്‍ പറയുന്നത്. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പേജിനെതിരേ നിയമനടപടികള്‍ക്കും മദ്യനിരോധനസംഘടനകള്‍ ഒരുങ്ങുന്നുണ്ട്.

സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്‍റെ കൂടെ വേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കൂടുതലും ജിഎന്‍പിസിയില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 17 ലക്ഷം അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത്ത്കുമാറാണ് ഗ്രൂപ്പിന്‍റെ അഡ്മിന്‍.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്ന് അജിത്ത് കുമാര്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജിഎന്‍പിസി സ്വന്തമായി ലോഗോയും ഇറക്കിയിട്ടുണ്ട്. ജിഎന്‍പിസിയില്‍ മെന്പര്‍ ആയാല്‍ ചില ബാറുകളില്‍ 10 ശതമാനം വരെ ഡിസ്കൗണ്ടും നല്കി വരുന്നുണ്ട്.

23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പില്‍ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ തന്നെയാണു ഗ്രൂപ്പില്‍ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്.

കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്‍പിസിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. ഗ്രൂപ്പില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ അഡ്മിന്‍റെ അംഗീകാരം ചെയ്താല്‍ മാത്രമേ പോസ്റ്റാവുകയുള്ളൂ.