ജീമോന്‍ ജോര്‍ജിന് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നല്‍കി ആദരിച്ചു

By Karthick

Friday 18 May 2018 19:47 PM

ഫിലഡല്‍ഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റില്‍ വെച്ച് പെന്‍സില്‍ വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന സമൂഹത്തിലെ നാനാതുറകളിലെ പ്രശംസനീയമായ പ്രവര്‍ത്തന മികവുകളുടെ അടിസ്ഥാനത്തില്‍ ജീമോന്‍ ജോര്‍ജ്ജിന് കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡു നല്‍കി ആദരിച്ചു.

പുരസ്കാരങ്ങള്‍ എന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വഴി കാട്ടിയാണെന്നും പുരസ്കാര നിറവുകള്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ മാറ്റുരക്കലിന്റെ സമയമാണെന്നും അതിലും ഉപരിഭാവി തലമുറകള്‍ക്ക് ഒരു പ്രചോദവുമാണെന്നും പുരസ്കാര മേഖലകള്‍ വെറും പ്രഹസനങ്ങളായി മാറുന്ന ഈ കാലഘട്ടത്തിലും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിചേരുമ്പോള്‍ പുരസ്കാരങ്ങള്‍ കൂടുതല്‍ വെണ്മയും തേജസും ഉണ്ടാകുമെന്നും തദവസരത്തില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ബെന്നി കൊട്ടാരത്തില്‍(പ്രസിഡന്റ്) പറയുകയുണ്ടായി. അവാര്‍ഡ് വിതരണ ചടങ്ങിന് ജോസഫ് മാണി(വൈസ് പ്രസിഡന്റ്)നേതൃത്വം നല്‍കുകയുണ്ടായി.

മലയാളി സമുഹത്തിലെ രാഷ്ട്രീയസാമൂഹിക സാമുദായിക മേഖലകളിലെ നിറസാന്നിധ്യവും, ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഓഫ് മേയേഴ്‌സ് കമ്മീഷ്ണര്‍ ഇന്‍ സിറ്റി ഓഫ് ഫിലഡല്‍ഫിയ, നോര്‍ത്താപ്ടണ്‍ ലൈബ്രറി ബോര്‍ഡ് മെമ്പര്‍ നോര്‍ത്താപ്ടണ്‍ റിപ്പബ്ലിക്കന്‍ കമ്മറ്റി മെമ്പര്‍, ഫല്‍വേഴ്‌സ് ടിവി റീജണല്‍ മാനേജര്‍, ഐ.പി.സി.എന്‍.എ. നാഷ്ണല്‍ ജോ.ട്രഷറാര്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് വിവിധ സ്ഥാനങ്ങളില്‍ മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍ ചെയര്‍മാന്‍, സെ.പീറ്റേഴ്‌സ് കത്തീഡ്രല്‍ മുന്‍ സെക്രട്ടറി, അമേരിക്കന്‍ ആര്‍ച്ച് ഡയോസീസ് കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബഹുമുഖ പ്രതിഭയായ ജീമോന്‍ ജോര്‍ജ്ജിന് വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തന മികവിനായി കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.

കോട്ടയം സ്വദേശിയും, ഷീല(ഭാര്യ) മേഗന്‍, നോയല്‍ എന്നിവര്‍ മക്കളുമാണ്. നോര്‍ത്താപ്ടണ്‍, ചര്‍ച്ച് വില്ലില്‍ താമസിക്കുന്നു.കലാലയ ജീവിതം മുതല്‍ ആരംഭിച്ച തന്റെ സാമൂഹികരാഷ്ട്രീയ പൊതുപ്രവര്‍ത്തനം ഇന്നും അഭംഗുരം തുടരുകയാണെന്നും തന്റെ അമേരിക്കയിലെ സംഘടനാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് രണ്ട് ദശാബ്ദത്തിനടുത്ത് എത്തിനില്‍ക്കുന്ന കോട്ടയം അസോസിയേഷനിലൂടെയാണെന്നും അവിടുന്ന് തന്നെ തനിക്ക് കമ്മ്യൂണിറ്റി സര്‍വ്വീസിനുള്ള അവാര്‍ഡു ലഭിച്ചതില്‍ താന്‍ മറ്റേതൊരു പുരസ്കാരം ലഭിക്കുന്നതിലും അതീവ സന്തോഷവാനാണെന്നും പറയുകയുണ്ടായി. ഇതിനായി തന്നെ തിരഞ്ഞെടുത്തതിനുള്ള നന്ദി ആദ്യമായി ജഗദീശ്വരനോടും കൂടാതെ കോട്ടയം അസോസിയേഷനിലെ എല്ലാ ഭാരവാഹികളോടും ഉള്ള കടപ്പാടും സ്‌നേഹവും ഈയവസരത്തില്‍ അറിയിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: പി,പി. ചെറിയാന്‍