ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് മുങ്ങിയ മലയാളി പിടിയില്‍

By Karthick

Saturday 19 May 2018 20:02 PM

കൊച്ചി: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി. നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പയ്ക്കല്‍ അനൂപ് തമ്പി (31) ആണു നാട്ടിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായത്.

പ്രതിയെ പിടികൂടുന്നതിനായി വിമാനത്താവളത്തില്‍ തിരച്ചില്‍ നോട്ടിസ് പ്രദര്‍ശിപ്പിച്ചിരുന്നു. മസ്കത്തില്‍ ഒളിവിലായിരുന്ന പ്രതി വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ഇന്നലെ കറുകച്ചാല്‍ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. 2017 മാര്‍ച്ച് 15നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടയിലാണു പീഡനവിവരം പുറത്തറിഞ്ഞത്.

സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.