ഡി.കെ; അട്ടിമറി രാഷ്ട്രീയത്തിന്റെ അമരക്കാരന്‍

By Karthick

Saturday 19 May 2018 20:04 PM

ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ മറികടന്ന് കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിന് അധികാരത്തിലെത്താന്‍ വഴിതെളിയുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കടപ്പെട്ടിരിക്കുന്ന നേതാവ് മറ്റാരുമല്ല ഡി.കെ എന്ന് വിളിക്കുന്ന ഡി.കെ ശിവകുമാറായിരിക്കും. കേന്ദ്രനേതാക്കളും കോടതിയും ഒക്കെ സമയാസമയങ്ങളില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്‌ക്കെത്തിയെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ ക്രൈസിസ് മാനേജറായി രംഗത്തിറങ്ങിയ ഡി.കെയാണ് ബിജെപി ഉയര്‍ത്തിയ ചാക്കിട്ടുപിടുത്തത്തിന് പ്രതിരോധം തീര്‍ത്തത്.

ഡികെയുടെ ആള്‍ബലവും തന്ത്രങ്ങളുമായിരുന്നു. ബിജെപിയിലേക്ക് ആളുകള്‍ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള ചുമതല ഇതാദ്യമല്ല ഡികെയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും ഈ രക്ഷാദൗത്യം രാജ്യം കണ്ടതാണ്. അന്ന് എന്ത് വിലകൊടുത്തും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുന്നത് തടയുക എന്നത് അഭിമാനപ്രശ്‌നമായി കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കരുക്കള്‍ നീക്കി.

59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ശങ്കര്‍ സിങ് വഗേലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആദ്യം പാര്‍ട്ടി വിട്ടു. അടുത്തതായി മൂന്നു പേര്‍ കൂടി കൊഴിഞ്ഞു. അപകടം മണത്ത കോണ്‍ഗ്രസിന് വൈകിയാണ് വിവേകമുദിച്ചത്. അല്‍പം വൈകിയെങ്കിലും ശേഷിക്കുന്ന എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ഗുജറാത്തില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കര്‍ണാടകത്തില്‍ താവളം വാഗ്ദാനം ചെയ്തു.

സിദ്ധു ആ ദൗത്യം ഏല്‍പിച്ചത് ഊര്‍ജമന്ത്രിയായ ഡി.കെയായിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കര്‍ണാടകത്തില്‍ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറല്‍ എം.പിയുമായ ഡി.കെ സുരേഷിനോട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏല്‍പിച്ചു. അങ്ങനെ എം.എല്‍.എമാരെ ഇപ്പോള്‍ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ കണ്ട അതേ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയില്‍ സസ്‌പെന്‍സിനൊടുവില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചു കയറി.

റെഡ്ഡി സഹോദരന്മാരോളം വരില്ലെങ്കിലും ആള്‍ബലവും ബിസിനസ് ബന്ധങ്ങളും ആവോളമുള്ള ബിസിനസ്സുകാരനാണ് ഡി.കെ. അന്ന് അഹമ്മദ് പട്ടേല്‍ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീര്‍ത്തത് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോര്‍ട്ട് രാഷ് ട്രീയത്തിനായി ചുക്കാന്‍ പിടിച്ചതും ഡി.കെയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആളെ അടര്‍ത്തിയെടുത്താല്‍ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല,

ഒരു ഘട്ടത്തില്‍ ബിജെപിയിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ചര്‍ച്ചനടത്തിയതായി പോലും വാര്‍ത്തകള്‍ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോര്‍ട്ട് നാടകത്തില്‍ എം.എല്‍.എമാരുടെ പട്ടികയുമായി വിധാന്‍സൗധയില്‍ നിന്ന് ഈഗിള്‍ട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തില്‍ ആദ്യവസാനം മാധ്യമങ്ങള്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കിയതും തന്ത്രങ്ങള്‍ ഒരുക്കിയതും ഡികെയായിരുന്നു.