മരുന്നില്ലാത്ത നിപ്പാ വൈറസിനെ സൂക്ഷിക്കുക; പ്രതിരോധവുമില്ല

By Karthick

Tuesday 22 May 2018 02:07 AM

സംസ്ഥാനത്തു ഭീതി പരത്തി നിപ്പാ വൈറസ് മൂലമുള്ള മരണം തുടരുകയാണ്. വായുവിലൂടെ പകരാത്ത ഈ രോഗത്തിന്റെ പ്രധാന വാഹകര്‍ വവ്വാലുകളാണ്. ഇതുവരെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ രോഗബാധയെ അത്യന്തം മാരകമാക്കുന്നത്. 1998 ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായതുകൊണ്ടാണ് ഈ വൈറസിന് നിപ്പാ എന്നു പേരു ലഭിച്ചത്.

അതിനിടെ നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. നാഷനല്‍ സെന്റര്‍ േഫാര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് കെ.സിങ്ങാണ് സംഘത്തലവന്‍. എന്‍സിഡിസിയിലെ എപിഡെമിയോളജി ചീഫ് ഡോ. എസ്.കെ.ജയിന്‍, ഇഎംആര്‍ ഡയറക്ടര്‍ ഡോ. പി.രവീന്ദ്രന്‍, സൂനോസിസ് ഡയറക്ടര്‍ ഡോ. നവീന്‍ ഗുപ്ത എന്നിവരെ കൂടാതെ റസ്പിറേറ്ററി ഫിസിഷ്യന്‍, ന്യൂറോ ഫിസിഷ്യന്‍, അനിമല്‍ ഹസ്ബന്‍ഡറി വിദഗ്ധന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

സംസ്ഥാനത്തു ഭീതി പടര്‍ത്തി പനി മരണം തുടരുന്നതിനിടെയാണ് കേന്ദ്രസംഘത്തിന്റെ വരവ്. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് ഒടുവില്‍ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ശുശ്രൂഷിച്ചതു ലിനിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരണം. ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പനി മരണം 16 ആയി.