ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍

By Karthick

Thursday 02 Aug 2018 01:48 AM

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേര്‍ന്ന ഒരു കുഴിയില്‍ നിന്നാണ് തൊടുപുഴ തഹസീല്‍ദാറുടെ മേല്‍നോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീട്ടില്‍ ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അയല്‍വാസികള്‍ നടത്തിയ തിരിച്ചിലില്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടെത്തിയിരുന്നു.

വീടിന് സമീപത്ത് അസ്വാഭാവികമായി കുഴി കണ്ടതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും തൊടുപുഴ തഹസീല്‍ദാരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കൃഷ്ണന്‍ ആഭിജാരക്രിയകളും പൂജകളും മറ്റും വീട്ടില്‍ വെച്ച് നടത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.