മനുഷ്യകടത്ത്: ഡല്‍ഹിയില്‍ 39 പെണ്‍കുട്ടികളെ മോചിപ്പിച്ചു

By Karthick

Thursday 02 Aug 2018 13:49 PM

ഡല്‍ഹി: ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ നിന്ന് 39 നേപ്പാളി പെണ്‍കുട്ടികളെ ഡല്‍ഹി വനീതാ കമ്മീഷനും സിറ്റി പോലീസും നടത്തിയ സംയുക്ത ശ്രമത്തിനിടെ മോചിപ്പിച്ചു. മനുഷ്യകടത്ത് സംഘം പഹര്‍ഗഞ്ചിലെ ഹൃദയ് ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ബുധനാഴ്ച്ചയാണ് മോചിപ്പിച്ചത്.

പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച രക്ഷാദൗത്യം അവസാനിച്ചപ്പോള്‍ ആറുമണിയായെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

ഹോട്ടലില്‍ മുഴുവനും നോപ്പാളി പെണ്‍കുട്ടികളെയാണ് അനധികൃതമായി പാര്‍പ്പിച്ചിരുന്നതെന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ലക്ഷ്യമെന്നും സംഭവത്തിനു പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി വനിതാകമ്മീഷന്‍ പ്രതിനിധി സ്വാധി മലിവാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 25 ന് ശേഷം ഡല്‍ഹി വനിതാ കമ്മീഷനും പോലീസും ചേര്‍ന്നു നടത്തുന്ന മൂന്നാമത്തെ രക്ഷാദൗത്യമാണിത്.

ജൂലൈ 25 ന് ഡല്‍ഹിയിലെ മൂനീര്‍ക്കയില്‍ നിന്ന് 16 പെണ്‍കുട്ടികളെ മോചിപ്പിച്ചിരുന്നു. നേപ്പാളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുകയായിരുന്നു ഇവര്‍.

ജൂലൈ 30 ന് ഡല്‍ഹിയില്‍ നിന്നും വരാണാസിയില്‍ നിന്നുമായി അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ട 18 സ്ത്രീകളെ മോചിപ്പിച്ചിരുന്നു. ഇതില്‍ 16 പേരും നേപ്പാളില്‍ നിന്നുള്ളവരായിരുന്നു.