സുപ്രീംകോടതി നിര്‍ദേശത്തിന് പുല്ലുവില; തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ താഴ്ത്തി

By Karthick

Saturday 18 Aug 2018 14:00 PM

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശത്തിനു വില കല്‍പ്പിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കണമെന്ന കോടതി നിര്‍ദേശം അവഗണിച്ച് ഷട്ടറുകള്‍ ആറടിയില്‍നിന്നു മൂന്നര അടിയായി താഴ്ത്തി. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 140.80 അടിയാണ്. 14,670 ക്യുസെക്‌സ് വെള്ളം ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

നേരത്തേ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്നു ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എത്ര അടി കുറയ്ക്കണമെന്നു സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കും. ദേശീയ െ്രെകസിസ് മാനേജ്‌മെന്റ് സമിതി, മുല്ലപ്പെരിയാര്‍ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണു തീരുമാനം.

ഘട്ടംഘട്ടമായി ജലനിരപ്പ് കുറയ്ക്കണമെന്ന നിലപാടിലാണു കേന്ദ്രവും. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ വെള്ളം തുറന്നുവിടുമെന്നും ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷയാണു പ്രധാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കുന്നുണ്ടെന്നും കാബിനറ്റ് സെക്രട്ടറി തന്നെ നേതൃത്വം നല്‍കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹര്‍ജി സമര്‍പ്പിച്ചത്.