കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍

By Eswara

Sunday 19 Aug 2018 08:42 AM

കൊച്ചി : കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യ സബ്‌സിഡറിയായ അലയന്‍സ് എയര്‍ ബെംഗളൂരുവില്‍ നിന്നു കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക.

രാവിലെ ആറിനും പത്തിനും ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.