ഇന്നലെ മാത്രം മരിച്ചത് 33 പേര്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

By Karthick

Sunday 19 Aug 2018 14:13 PM

ശനിയാഴ്ച വിവിധ ജില്ലകളിലായി 31 പേര്‍ മരിച്ചു. എറണാകുളം ജില്ലയില്‍ മാത്രം ഒറ്റദിവസം 18 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പറവൂരില്‍ ജനങ്ങള്‍ അഭയംപ്രാപിച്ച നോര്‍ത്ത് കുത്തിയതോട് പള്ളിയുടെ മതിലിടിഞ്ഞ് ആറുപേര്‍ മരിച്ചതായി വി.ഡി. സതീശന്‍ എം.എല്‍.എ അറിയിച്ചു. ചെങ്ങന്നൂര്‍ മേഖലയില്‍ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്തുനിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചമാത്രം ചെങ്ങന്നൂരില്‍ 12 പേര്‍ മുങ്ങി മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത. തൃശൂര്‍ ജില്ലയില്‍ അഞ്ചു മരണം. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ഇതിന് പ്രളയക്കെടുതിയുമായി ബന്ധമില്ലെന്ന വിവരവുമുണ്ട്. ദേശമംഗലം പള്ളത്ത് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട യുവാവിന്‍െറ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ചൂണ്ടലില്‍ താറാവ് കര്‍ഷകന്‍ െവള്ളത്തില്‍പെട്ട് മരിച്ചു.

കോതമംഗലം പോത്താനിക്കാട് വെള്ളത്തില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു. കോട്ടയത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. മാവേലിക്കര ചെട്ടികുളങ്ങര ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രാഹുല്‍ (24) മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി മച്ചിങ്ങത്താഴത്ത് യുവാവും മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവില്‍ ബാലനുമടക്കം രണ്ടുപേര്‍ മുങ്ങിമരിച്ചു. കോഴിക്കോട് പൂനൂര്‍പുഴയില്‍ കക്കോടി പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

പ്രളയത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന വര്‍ പ്രാണനായി നിലവിളി തുടരവെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമായി. ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട്, ആലുവ, പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.ആയിരങ്ങളാണ് ഇവിടങ്ങളില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലായി കുടുങ്ങിക്കിടക്കുന്നത്. കുടിവെള്ളവും വൈദ്യുതിയുമില്ല. ബോട്ടുകളിലും ഹെലികോപ്ടറുകളിലുമായി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പോരെന്ന പരാതി ഉയരുന്നുണ്ട്. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സഹായ അഭ്യര്‍ഥനകള്‍ പെരുകുകയാണ്.