റോബോട്ടിക്‌സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുന്നു

By Karthick

Monday 09 Jul 2018 20:21 PM


രാജ്യത്തെ വിവിധ മേഖലകളില്‍ ഓട്ടോമേഷന്‍ വ്യാപകമായതോടെ റോബോട്ടിക്‌സ് രംഗത്തെ തൊഴിലവസരങ്ങളിലും വര്‍ധന. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ രംഗത്ത് തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

മഹാരാഷ്ട്രയിലാണ് റോബോട്ടിക്‌സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത്. തൊഴില്‍ അന്വേഷണ പ്ലാറ്റ്‌ഫോമായ 'ഇന്‍ഡീഡി'ന്റെ കണക്കുകള്‍ പ്രകാരം 2015 മേയ് മുതല്‍ 2018 മേയ് വരെയുള്ള കാലയളവില്‍ ഈ രംഗത്തെ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 186 ശതമാനമാണ് വര്‍ധന. ഇതേ കാലയളവില്‍ തൊഴിലവസരങ്ങള്‍ 191 ശതമാനമാണ് വര്‍ധിച്ചത്.

നിര്‍മാണ മേഖല, ഉത്പാദന മേഖല, ആരോഗ്യ മേഖല എന്നീ രംഗങ്ങളിലാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഓട്ടോമേഷന്‍, തൊഴിലുകള്‍ അപഹരിക്കുമെന്ന് ഭയന്നിടത്ത് ഈ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ കാഴ്ച.