മികച്ച കരിയറിനു ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം

By Karthick

Tuesday 17 Jul 2018 19:55 PM

മികച്ച കരിയറിനു വഴിയൊരുക്കുന്ന കോഴ്‌സാണു ഹോട്ടല്‍ മാനേജ്‌മെന്റ്. ഹോട്ടലുകളില്‍ മാത്രമല്ല, ആശുപത്രികള്‍, കപ്പലുകള്‍, എയര്‍ലൈനുകള്‍, വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവയിലും അവസരങ്ങള്‍ ലഭിക്കും. തിയറി പഠനത്തേക്കാള്‍ മുന്‍തൂക്കം പ്രാക്ടിക്കലിനാണ്. ഫ്രണ്ട് ഓഫിസ്, ഫുഡ് പ്രൊഡക്ഷന്‍, ഹൗസ് കീപ്പിങ്, ഫുഡ് & ബവ്‌റിജസ് സര്‍വീസ്, പ്രിസര്‍വേഷന്‍, ഹൈജീന്‍ & സാനിറ്റേഷന്‍ എന്നിവയ്ക്കു പുറമേ ഈ പ്രഫഷന് അത്യാവശ്യം വേണ്ട അതിലളിതമായ എന്‍ജിനീയറിങ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ് എന്നിവയും പഠിക്കാനുണ്ട്. ആശയവിനിമയശേഷിയടക്കമുള്ള വ്യക്തിത്വവികസന പാഠങ്ങളുമുണ്ടാകും.

സ്വകാര്യമേഖലയിലടക്കം ദേശീയതലത്തില്‍ അറുപതോളം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ത്രിവത്സര 'ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിഎസ്‌സി' പ്രോഗ്രാമുണ്ട്. 'നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കേറ്ററിങ് ടെക്‌നോളജി' ജെഇഇ എന്ന പൊതുപരീക്ഷ വഴിയാണു പ്രവേശനം.

ഇതനുസരിച്ചുള്ള കൗണ്‍സലിങ് റൗണ്ടുകള്‍ കഴിഞ്ഞും ശേഷിക്കുന്ന സീറ്റുകളിലേക്കു സ്ഥാപനങ്ങള്‍ക്കു നേരിട്ടു പ്രവേശനം നടത്താം. ഇതനുസരിച്ച്, ജെഇഇയില്‍ റാങ്ക് മോശമായവരെയും ജെഇഇ എഴുതിയിട്ടില്ലാത്തവരെയും ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാലു വരെ നേരിട്ടു പ്രവേശിപ്പിക്കാം. സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏത് ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും ശ്രമിക്കാം.

കേരളത്തില്‍ നാലു സ്ഥാപനങ്ങളുണ്ട്

1. കേന്ദ്രമേഖലയിലെ കോവളം ഇന്‍സ്റ്റിറ്റിയൂട്ട് (ഫോണ്‍: 0471 2480283) 2. കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഫോണ്‍: 0495 2385861), 3. സ്വകാര്യമേഖല: മൂന്നാര്‍ കേറ്ററിങ് കോളജ് (ഫോണ്‍: 04868 249900) 4. സ്വകാര്യമേഖല: വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ (04936 255716)

നാഷനല്‍ കൗണ്‍സിലിന്റെ ഈ സ്കീമില്‍പ്പെടാത്ത ധാരാളം സ്ഥാപനങ്ങളും പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. അവയിലും പ്രവേശനം നേടാമെങ്കിലും, അടിസ്ഥാന സൗകര്യങ്ങളും പ്ലേസ്‌മെന്റ് ചരിത്രവും തൃപ്തികരമെന്ന് നേരിട്ടു കണ്ട് ഉറപ്പാക്കണം.