സ്വിസ്സ് ഗാര്‍ഡിന്റെ വിവാഹത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ

By Karthick

Wednesday 18 Jul 2018 20:03 PM

വത്തിക്കാന്‍ സിറ്റി: അപ്രതീക്ഷിതമായ സന്ദര്‍ശനം കൊണ്ട് ആളുകളെ അമ്പരപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് പാപ്പ വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാന്‍ സിറ്റിയിലെ സെന്റ് സ്റ്റീഫന്‍ ഓഫ് ദി അബീസീനിയന്‍സ് ദേവാലയത്തില്‍ വത്തിക്കാന്‍ സ്വിസ്സ് ഗാര്‍ഡിന്റെ വിവാഹത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് പാപ്പ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. സ്വിസ്സ് ഗാര്‍ഡ് അംഗമായ ലുക്കാ ഷാഫറിന്റേയും, വത്തിക്കാന്‍ മ്യൂസിയത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന ലെറ്റീഷ്യ വേരായുടേയും വിവാഹ ചടങ്ങിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ഫ്രാന്‍സിസ് പാപ്പ എത്തുകയായിരിന്നു.

വിവാഹ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ഫാ. റെനാറ്റോ ഡോസ് സാന്റോസ് എന്ന ബ്രസീലിയന്‍ പുരോഹിതന്‍ വിശുദ്ധ കുര്‍ബാനക്ക് ഒരുങ്ങുന്നതിനായി സങ്കീര്‍ത്തിയില്‍ ചെന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് തന്നെക്കാത്തിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയെയാണ് കാണുന്നത്. തന്റെ ജീവിതത്തിനിടയില്‍ ഒരു പാപ്പായെ സങ്കീര്‍ത്തിയില്‍ വെച്ച് കണ്ടുമുട്ടുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന്! പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫാ. റെനാറ്റോ പറഞ്ഞു.

ദേവാലയത്തിലെത്തിയ പാപ്പ വിവാഹ ബന്ധത്തിന്റെ പൂര്‍ണ്ണതയ്ക്കായുള്ള ഘടകങ്ങളെക്കുറിച്ചുള്ള ലഘു സന്ദേശവും നവ വധൂവരന്‍മാര്‍ക്ക് നല്‍കുകയുണ്ടായി. സ്വിസ് ഗാര്‍ഡിന്റെ വിവാഹത്തിന് എത്തിയ പാപ്പയുടെ ചിത്രവും വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായല്ല ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വിവാഹങ്ങളില്‍ പങ്കെടുക്കുന്നത്.

2014 സെപ്റ്റംബറില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വെച്ച് നടന്ന 20 ദമ്പതികളുടെ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫ്രാന്‍സിസ് പാപ്പയായിരുന്നു. പിന്നീട് 2016 ജൂലൈയില്‍ കാസാ സാന്താ മാര്‍ട്ടാ ദേവാലയത്തില്‍ വെച്ച് നടന്ന ബധിര ദമ്പതികളുടെ വിവാഹത്തിലും പാപ്പാ സംബന്ധിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ചിലിയിലേക്കുള്ള യാത്രക്കിടയില്‍ വിമാന ജീവനക്കാരുടെ വിവാഹം, പാപ്പ വിമാനത്തിനുള്ളില്‍ വച്ച് ആശീര്‍വ്വദിച്ചത് ആഗോള ശ്രദ്ധനേടിയിരുന്നു.