യുവജന സിനഡിന് ഒരുക്കമായി റോമില്‍ അരലക്ഷം യുവജനങ്ങളുടെ സംഗമം നടന്നു

By Karthick

Sunday 22 Jul 2018 08:03 AM

വത്തിക്കാന്‍ സിറ്റി: വരുന്ന ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള സിനഡിന് ഒരുക്കമായി റോമില്‍ വീണ്ടും യുവജന സംഗമം. ആഗസ്റ്റ് 3ന് ആരംഭിച്ച് 12നു സമാപിക്കുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമത്തില്‍ ഇറ്റലിയിലെ 200 കത്തോലിക്ക രൂപതകളില്‍ നിന്നു 50,000 യുവതീയുവാക്കള്‍ പങ്കെടുക്കും. റോമിലെ ചിര്‍ക്കോ മാക്‌സിമോ സ്‌റ്റേഡിയത്തിലാണ് സംഗമം നടക്കുക. നൂറോളം മെത്രാന്മാരും വൈദികരും സന്ന്യസ്തരും ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥനയിലും അനുബന്ധ ശുശ്രൂഷയിലും പങ്കെടുക്കും. സംഗമത്തിന്റെ സമാപന ദിനമായ ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 9.30ന് യുവജനങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിക്കും.

ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിന്‍റെ അന്ത്യത്തില്‍ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. 2020ല്‍ നടക്കുന്ന പനാമയിലെ! യുവജനസംഗമത്തിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിച്ച് യുവജനങ്ങളെ ആശീര്‍വ്വദിക്കും. നേരത്തെ മാര്‍ച്ച് 19 മുതല്‍ 24 വരെ മറ്റൊരു യുവജന സമ്മേളനവും വത്തിക്കാനില്‍ നടന്നിരിന്നു. ഇതില്‍ മലയാളികള്‍ അടക്കം നൂറുകണക്കിന് യുവജനങ്ങളാണ് പങ്കെടുത്തത്.