ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്

By Karthick

Tuesday 25 Sep 2018 08:01 AM

ലണ്ടന്‍ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്. അവസാന റൗണ്ടില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണു മോഡ്രിച്ചിന്റെ പുരസ്കാരനേട്ടം. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ചിനു തുണയായത്.

ഒരു ദശാബ്ദക്കാലമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൈയടക്കി വച്ചിരുന്ന ലോക ഫുട്‌ബോളര്‍ പുരസ്കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസ്സിയും ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്കാരത്തില്‍ മുന്‍പ് അഞ്ചുവട്ടം വീതം മുത്തമിട്ടിരുന്നു. ലോകഫുട്‌ബോളര്‍ക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ ഇത്തവണ മെസ്സിക്കു കഴിഞ്ഞിരുന്നില്ല. ആരാധകരുടെ വോട്ടിങ്ങിന്റെയും ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണു പുരസ്കാര നിര്‍ണയം.

മികച്ച ഗോളിനുള്ള ‘പുഷ്കാസ്’ പുരസ്കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 2017 സിംസംബര്‍ 10ന് എവര്‍ട്ടനെതിരെ നേടിയ ഗോള്‍)
മികച്ച ഗോള്‍കീപ്പര്‍: തിബോ കോര്‍ട്ടോ (ബല്‍ജിയം/ ചെല്‍സി ടീമുകള്‍ക്കായുള്ള പ്രകടനം)
മികച്ച പരിശീലകന്‍: ദിദിയെ ദെഷം (ഫ്രാന്‍സിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)
വനിതാ താരം: മാര്‍ത്ത (ബ്രസീലിനായും ഓര്‍ലാന്‍ഡോ െ്രെപഡിനായും പുറത്തെടുത്ത പ്രകടനം)
വനിതാ പരിശീലക: റെയ്‌നാള്‍ഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോണ്‍ വനിതാ ടീം പരിശീലക)
ഫാന്‍ പുരസ്കാരം: പെറു ആരാധകര്‍ (റഷ്യ ലോകകപ്പില്‍ രാജ്യത്തിനായി ആര്‍പ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകര്‍ക്കാണ് പുരസ്കാരം)
ലോക ഇലവന്‍: ഡി ഗിയ (ഗോള്‍കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ.