ഗര്‍ഭഛിദ്ര നിരോധനം അക്രൈസ്തവമെന്നു ചെല്‍സിയ ക്ലിന്റണ്‍

By Karthick

Thursday 20 Sep 2018 20:17 PM

ന്യൂയോര്‍ക്ക്: 1973 ല്‍ സുപ്രീം കോടതി സ്ത്രീകള്‍ക്ക് അനുവദിച്ച ഗര്‍ഭചിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നടത്തുന്ന ശ്രമങ്ങള്‍ അക്രൈസ്തവമാണെന്ന് ഹില്ലരി ക്ലിന്റന്റെ മകളും സാമൂഹ്യ പ്രവര്‍ത്തകയുമായ ചെല്‍സിയ ക്ലിന്റന്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 13ന് ചെല്‍സിയ നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിച്ചത്.തികച്ചും മതവിശ്വാസിയായ എനിക്കുപോലും ഇത്തരം നീക്കങ്ങളെ ക്രൈസ്തവ വിരുദ്ധമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന് ചെല്‍സിയ പറഞ്ഞു.

സ്ത്രീകള്‍ക്ക് ക്രൈസ്തവ നിയമങ്ങള്‍ക്കും ഭൗതിക നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നതിനുള്ള മൗലികാവകാശം നിഷേധിക്കുവാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ഗര്‍ഭചിദ്രവും സ്ത്രീകളുടെ മൗലികാവകാശമാണെന്നും ചെല്‍സിയ അവകാശപ്പെട്ടു.ഗര്‍ഭചിദ്ര നിരോധന നിയമം പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിനാണ് പ്രസിഡന്റ് ട്രമ്പ് പുതിയ സുപ്രീം കോടതി ജഡ്ജി നിയമനത്തിലൂടെ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതു എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇവര്‍ പറഞ്ഞു.

ഗര്‍ഭചിദ്രനിരോധന നിയമം നിലവില്‍ വന്നാല്‍ നിയമവിരുദ്ധവും, അപകടകരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭചിദ്രം നടത്തുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നതു കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍