കേരളത്തില്‍നിന്നുള്ള വിദേശ കുടിയേറ്റം കുറഞ്ഞതായി റിപ്പോര്‍ട്ട്

By Karthick

Friday 21 Sep 2018 13:22 PM

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള വിദേശ കുടിയേറ്റം അഞ്ചുവര്‍ഷത്തിനിടെ 11.5 ശതമാനം കുറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്.) 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും അവര്‍ നാട്ടിലേക്കെത്തിച്ച പണത്തില്‍ വര്‍ധനയുണ്ട്. രൂപയുടെ മൂല്യംകുറഞ്ഞതും സമ്പാദ്യങ്ങളുമായി ഏറെപ്പേര്‍ നാട്ടിലേക്ക് മടങ്ങുന്നതുമാണ് വരുമാനംകൂടാന്‍ കാരണമെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ പ്രൊഫ. എസ്. ഇരുദയരാജന്‍ പറഞ്ഞു. പ്രളയംബാധിച്ച പ്രദേശങ്ങളില്‍ വീടും സ്വത്തും നശിച്ചവര്‍ വീണ്ടും വിദേശത്ത് തൊഴില്‍ തേടാന്‍ സാധ്യതയുള്ളതിനാല്‍ തത്കാലത്തേക്ക് കുടിയേറ്റം കൂടാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എട്ടാംതവണയാണ് കുടിയേറ്റത്തിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള കേരള മൈഗ്രേഷന്‍ സര്‍വേ നടത്തുന്നത്. ഇതിനുമുമ്പ് 2013ലാണ് സര്‍വേ നടന്നത്. ഇത്തവണ 15,000 വീടുകളില്‍ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു സര്‍വേ.

അഞ്ചുവര്‍ഷത്തിനിടെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 2.78 ലക്ഷം കുറവുണ്ടായി. 2013ല്‍ കേരളത്തില്‍നിന്ന് ഗള്‍ഫ് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ കുടിയേറിയവരുടെ എണ്ണം 24,00,375 ആണ്. പുതിയ സര്‍വേയില്‍ ഇത് 21,21,887ഉം. ഇതില്‍ 15.8 ശതമാനം സ്ത്രീകളാണ്.

പ്രവാസികള്‍ മുഖേന നാട്ടിലെത്തുന്ന വരുമാനം 26 ശതമാനം വര്‍ധിച്ച് 30,717 കോടി രൂപയായി. ഇതില്‍ 6326 കോടിരൂപയും എത്തിയത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണവും കൂടി. അഞ്ചുവര്‍ഷത്തിനിടെ 12.94 ലക്ഷം പേര്‍ മടങ്ങിവന്നു.