മണിക്കൂറുകളോളം കുട്ടികളെ കാര്‍സീറ്റില്‍ കെട്ടിയിട്ട ഡെകെയര്‍ ഉടമസ്ഥ അറസ്റ്റില്‍

By Karthick

Saturday 22 Sep 2018 12:56 PM

മസ്കിറ്റ്(ഡാളസ്): വീട്ടില്‍ നടത്തുന്ന ഡെ കെയര്‍ സ്ഥാപനത്തില്‍ മാതാപിതാക്കള്‍ ഏലിപിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാര്‍ സീറ്റിനോടു ചേര്‍ത്ത് കെട്ടിയിടുകയും, നിശബ്ദരാക്കുന്നതിന് 'അസിറ്റാമിനൊഫന്‍' എന്ന മരുന്നു നല്‍കുകയും ചെയ്തിരുന്ന ഉടമ അറുപതു വയസ്സുള്ള റബേക്ക ആന്‍ഡേഴ്‌സനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു.

ചെറിയ കുട്ടികളെ ഏകദേശം 7 മണിക്കൂറാണ് ചരട് ഉപയോഗിച്ചു കാര്‍ സീറ്റിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവര്‍ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥയെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച(സെപ്റ്റംബര്‍ 16) അറസ്റ്റു ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. 45000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോര്‍ണി ഇല്ലാത്തതിനാല്‍ ഇവരെ ഡാളസ്കൗണ്ടി ജയിലിലടച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍