പരസ്യ സംവിധായകനും നടനുമായ അലിഖ് പദംസി അന്തരിച്ചു

By Karthick

Saturday 17 Nov 2018 23:05 PM


മുംബൈ: പരസ്യ സംവിധായകനും നടനും നിര്‍മാതാവുമായ അലിഖ് പദംസി അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധിയില്‍ മുഹമ്മദ് അലി ജിന്നയായി വേഷമിട്ടത് അലിഖ് പദംസിയായിരുന്നു. രാജ്യത്തെ പരസ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. പദംസിയുടെ ലിന്‍ഡാസ് ഇന്ത്യ ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ പരസ്യ ഏജന്‍സിയായിരുന്നു.

ലിറില്‍ ഗേള്‍ ഇന്‍ ദ വാട്ടര്‍ ഫോള്‍, ദ കാമസൂത്ര കപ്പിള്‍, ഹമാര ബജാജ്, ലളിതാജി ഫോര്‍ സര്‍ഫ്, ചെറി ചാര്‍ലി ഫോര്‍ ചെറി ബ്ലോസം ഷൂ പോളിഷ് തുടങ്ങിയ പരസ്യങ്ങള്‍ വലിയ ശ്രദ്ധനേടി. 2000 ല്‍ രാജ്യം പദാംസിയെ പദ്മശ്രീ നല്‍കി ആദരിച്ചു. ദ അഡ്വര്‍ട്ടൈസിങ് മാന്‍ ഓഫ് ദ സെഞ്ച്വറി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

നാടകരംഗത്തിന് നല്‍കിയ സംഭാവനകള്‍ക്ക് സംഗീത നാടക അക്കാദമി അദ്ദേഹത്തെ ടാഗോര്‍ രത്‌ന പുരസ്കാരം നല്‍കി ആദരിച്ചു. എവിറ്റ, ജീസസ് െ്രെകസ്റ്റ് സൂപ്പര്‍ സ്റ്റാര്‍, ബ്രോക്കണ്‍ ഇമേജസ് തുടങ്ങിയ തിയ്യറ്റര്‍ പ്രൊഡക്ഷനുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചത് പദംസിയായിരുന്നു.