കെ. സുരേന്ദ്രന്‍ അറസ്റ്റില്‍: ബിജെപി ദേശീയപാത ഉപരോധിക്കുമെന്ന്

By Karthick

Sunday 18 Nov 2018 12:05 PM

പമ്പ: കെ. സുരേന്ദ്രനെ നിലയ്ക്കലില്‍നിന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരുക്കേറ്റു. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ ദേശീയപാത ഉപരോധിക്കും. ശബരിമലയിലേക്കു പോകുന്നതിന് എത്തിയ ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ പൊലീസ് തടഞ്ഞത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലയ്ക്കലില്‍ പൊലീസും സുരേന്ദ്രനും തമ്മില്‍ ശക്തമായ വാഗ്വാദം ഉണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രന്‍ നിലപാടെടുത്തതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

പമ്പയിലേക്കു പോകണമെന്ന ആവശ്യവുമായെത്തിയ മേരി സ്വീറ്റി ചെങ്ങന്നൂരില്‍ പ്രതിഷേധമുയര്‍ന്നതോടെ തിരികെപോയി. പൊലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് തിരുവല്ല സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ജാമ്യത്തിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ഇവര്‍ ഇന്ന് മല കയറില്ല. ശാരീരികാസ്വാസ്ഥ്യം മൂലം കൂനങ്കര ശബരീശരണാശ്രമത്തില്‍ വിശ്രമിക്കുകയാണ് ശശികല. ഞായറാഴ്ച രാവിലെ മല കയറും. തിരുവല്ല കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പൊലിസ് അകമ്പടിയോടെയാണ് ശശികല ആശ്രമത്തിലേക്ക് എത്തിയത്. പൊലീസിന്‍റെ നിയന്ത്രണം ലംഘിച്ചതോടെയാണ് ശനിയാഴ്ച പുലര്‍ച്ചെ കെ.പി. ശശികലയെയും പട്ടിക മോര്‍ച്ച നേതാവ് പി.സുധീറിനെയും അറസ്റ്റ് ചെയ്തത്