ഭീകരസംഘടനയിലേക്ക് യുവാക്കളെ ക്ഷണിച്ച യുവതി പിടിയില്‍

By Karthick

Monday 19 Nov 2018 13:24 PM

ശ്രീനഗര്‍: ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ച യുവതിയെ കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതാദ്യമായാണു താഴ്‌വരയില്‍ ഇത്തരത്തിലൊരു സംഭവം. വടക്കന്‍ കശ്മീരിലെ സാംബലില്‍ നിന്നാണു ഷാസിയ എന്ന മുപ്പതുകാരി പിടിയിലായത്. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിലേക്ക് ഉള്‍പ്പെടെ യുവാക്കളെ ആകര്‍ഷിക്കുന്നതിന് ഷാസിയ ശ്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. രാജ്ബാഗ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.

ഏതാനും നാളുകളായി ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഷാസിയ. ഫെയ്‌സ്ബുക്കിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കളെ ജിഹാദിനും ആയുധമെടുക്കാനും പ്രേരിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇവര്‍ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. വിവാഹിതയായ ഷാസിയ രണ്ടു കുട്ടികളുടെ അമ്മയാണ്. ചോദ്യം ചെയ്യലിനു വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും മറ്റേതെങ്കിലും വിധത്തില്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അനന്ത്‌നഗറിലെ രണ്ടു യുവാക്കള്‍ക്കു വെടിയുണ്ടകളും മറ്റും നല്‍കിയതായി ഷാസിയ മൊഴി നല്‍കിയിട്ടുണ്ട്. ഇവരിലൊരാളെ ഫെയ്‌സ്ബുക് വഴി സ്വാധീനിച്ചതും ഷാസിയയാണ്. ഭീകരരെ പിടികൂടാന്‍ സഹായിക്കാമെന്നു കാണിച്ച് പല പൊലീസുകാരില്‍ നിന്നും ഇവര്‍ സഹായം നേടിയെടുത്തിട്ടുണ്ട്. ഏതാനും മാസം മുന്‍പ് ഷാസിയയെക്കുറിച്ച് ഒരു വിഡിയോയും പുറത്തിറങ്ങിയിരുന്നു. പൊലീസിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നവളാണെന്നായിരുന്നു അതിലെ ആരോപണം. ഈ വിഡിയോ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ ഷാസിയ നല്‍കിയ പരാതിയില്‍ രണ്ടു പേരെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് ഇവരെ ഭീകരസംഘടനകള്‍ ഉപയോഗപ്പെടുത്തുന്നെന്ന സംശയവും ശക്തമായത്. പൊലീസില്‍ നിന്നും സുരക്ഷാ സേനയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഭീകരര്‍ക്കു കൈമാറുന്നെന്നായിരുന്നു സംശയം. ഇതുവരെ ചോദ്യം ചെയ്യലിനും ഷാസിയ ഹാജരായിരുന്നില്ല. ആയുധം കടത്തിയതിനു കഴിഞ്ഞയാഴ്ച കശ്മീരിലെ ലവായ്‌പൊറയില്‍നിന്ന് ഇരുപത്തിയെട്ടുകാരിയെ അറസ്റ്റ് ചെയ്തിരുന്നു. 20 ഗ്രനേഡുമായിട്ടായിരുന്നു ഐസിയ ജാന്‍ എന്ന പെണ്‍കുട്ടിയെ പിടികൂടിയത്. വെടിയുണ്ടകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു.