കലാപഭൂമിയാക്കി ദര്‍ശനം നടത്താന്‍ താത്പര്യമില്ല, വീണ്ടും വരും: യുവതികള്‍

By Karthick

Tuesday 20 Nov 2018 01:38 AM

കൊച്ചി: പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ശബരിമല ദര്‍ശനത്തിന് കാത്തിരിക്കാന്‍ തയ്യാറാണെന്നും ശബരിമല ദര്‍ശനത്തിനായി മാലയിട്ട യുവതികള്‍. എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂരില്‍ നിന്നുള്ള രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്ന് വനിതകളാണ് പത്രസമ്മേളനം നടത്തിയത്. ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഉച്ചയോടെ ഇവര്‍ എറണാകുളം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.

ശബരിമലയെ കലാപഭൂമിയാക്കി അവിടെ ദര്‍ശനം നടത്തണമെന്നില്ല. വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ശബരിമല ദര്‍ശനത്തിനുള്ളുവെന്ന് ഇവര്‍ വ്യക്തമാക്കി. നേരത്തെ വനിതകള്‍ പോയതുപോലെ പമ്പവരെ പോയി തിരികെ വരാന്‍ തങ്ങളില്ല. പോലീസിന്റെ സംരക്ഷണയില്‍ വിശ്വാസികളുടെ പിന്തുണയോടെ ശബരിമല ദര്‍ശനം നടത്തി തിരികെ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അയ്യപ്പനെ കാണുന്നതുവരെ അണിഞ്ഞിരിക്കുന്ന മാല ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ശബരിമലയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങളുടെ ഭാഗമാകാന്‍ തങ്ങളില്ല. കാര്യങ്ങള്‍ വിശ്വാസി സമൂഹം മനസിലാക്കുമെന്നും അപ്പോള്‍ അവരുടെ കൂടി പിന്തുണയോടെ ശബരിമലയില്‍ പോകാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യുവതികള്‍ പറയുന്നു.

വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ പ്രസ്ക്ലബ്ബിന് പുറത്ത് ബിജെപി മഹിളാ മോര്‍ച്ചയുടെ അടക്കം പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും നാമജപവുമായി പ്രതിഷേധം നടത്തി. അതിനിടെ യുവതികള്‍ക്ക് പിന്തുണ നല്‍കുന്ന സംഘടനകളും പ്രസ്ക്ലബ്ബിന് അടുത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് സംരക്ഷണയോടെ ഇവരെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്.