വാഗ്ദാനംചെയ്ത 15 ലക്ഷവും, 2 കോടി തൊഴിലും എവിടെ? പ്രിയങ്ക

By Karthick

Wednesday 13 Mar 2019 12:06 PM

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന റാലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി. രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് അവര്‍ ചോദിച്ചു.

'എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷം എവിടെ ? സ്ത്രീ സുരക്ഷയുടെ സ്ഥിതിയെന്താണ്'   കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം പങ്കെടുക്കുന്ന ആദ്യ റാലിയെ അഭിസംബോധന ചെയ്യവെ അവര്‍ ചോദിച്ചു. വോട്ടാണ് നിങ്ങളുടെ ആയുധം. ശരിയായ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.

എല്ലാ വിഷയങ്ങളും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരും എന്നാല്‍ ശരിയായ ചോദ്യം ചോദിക്കാന്‍ കഴിയണം. ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. എവിടെയും വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിക്കും സോണിയയുടെ മണ്ഡലമായ റായ്ബറേലിക്കും പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ റാലിയാണ് അഹമ്മദാബാദില്‍ നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. 'യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം, രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ടാവണം, കര്‍ഷകര്‍ക്കുവേണ്ടി എന്തുചെയ്തു തുടങ്ങിയവയാകണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത്'  പ്രവര്‍ത്തക സമിതി യോഗത്തില്‍ അവര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.