സുരക്ഷാ വീഴ്ച: വാട്‌സാപ് അപ്‌ഡേറ്റ് ചെയ്യണമെന്ന്

By Eswara

Thursday 16 May 2019 07:48 AM

ജറുസലം :സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുന്നതിനുള്ള പ്രമുഖ സമൂഹ മാധ്യമമായ വാട്‌സാപ്പില്‍ സൈബര്‍ സുരക്ഷാ വീഴ്ച. എന്‍എസ്ഒ എന്ന ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ സ്‌പൈവേര്‍, ഉപയോക്താക്കളുടെ ഫോണുകളില്‍ കടന്നുകയറുന്ന നിലയിലാണ് പിഴവ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളെ ഇതു ബാധിക്കും. ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പ്രോഗ്രാമുകളാണ് സ്‌പൈവേര്‍. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പക്ഷേ, എന്‍എസ്ഒ വിസ്സമ്മതിച്ചു.

വാട്‌സാപ് കോളുകളിലൂടെയാണ് സ്‌പൈവേര്‍ വാട്‌സാപ്പിലേക്കു കടക്കുന്നത്. ഉപയോക്താവ് കോള്‍ സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. കോള്‍ ലോഗില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമാകുന്നതിനാല്‍ കണ്ടെത്താനും കഴിയില്ല. കോള്‍ ലോഗ്, ചിത്രങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ സ്‌പൈവേറെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

ഈ മാസം ആദ്യമാണ് വാട്‌സാപ് പിഴവ് കണ്ടെത്തിയത്. എത്രപേരെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതീവസുരക്ഷയും രഹസ്യസ്വഭാവവും പുലര്‍ത്തുന്നതാണു വാട്‌സാപ്പിലെ ആശയവിനിമയമെന്ന സംവിധാനമെന്ന കമ്പനിയുടെ അവകാശവാദത്തിനു കനത്ത അടിയാണു പുതിയ സംഭവം.