ഇന്ത്യയിലെ ക്രിസ്തുമത പീഡനം നയതന്ത്രതലത്തില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടന്‍

By Karthick

Saturday 18 May 2019 07:26 AM

ലണ്ടന്‍: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിനിരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം പരിഗണനയിലെടുക്കുമെന്നും, ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യു.കെ യിലെ തെരേസ മെയ് സര്‍ക്കാര്‍.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിദേശ കാര്യാലയം നിയോഗിച്ച അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനത്തില്‍ ബ്രിട്ടന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമ്മണ്‍സിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചോദ്യോത്തരവേളയില്‍ യുകെ വിദേശ ഓഫീസ് മന്ത്രി മാര്‍ക്ക് ഫീല്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് യുകെയിലെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ഓഫീസില്‍ ഏഷ്യയുടെ ചുമതല വഹിക്കുന്നത്.

"മറ്റ് രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ തീര്‍ച്ചയായും വര്‍ദ്ധനവുണ്ട്. ഞങ്ങള്‍ ഇക്കാര്യം പരിഗണിക്കുകയും, നയതന്ത്രതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും", മാര്‍ക്ക് ഫീല്‍ഡ് സഭയില്‍ വ്യക്തമാക്കി. മെയ് ആദ്യത്തില്‍ ഇന്ത്യയിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായ ഡേവിഡ് ലിന്‍ഡന്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഫീല്‍ഡ് ഇക്കാര്യം അറിയിച്ചത്.