പുറത്തായ എക്സിറ്റ് പോൾ ഫലങ്ങൾ

By Karthick

Monday 20 May 2019 16:48 PM

ഫേസ് ബുക്കിൽ 4930 കൂട്ടുകാർ ഉള്ള ഒരാൾ തന്റെ  പേജിൽ ഇന്നൊരു കാര്യം ചോദിച്ചിരുന്നത് കണ്ടു. ഈ പ്രിയപ്പെട്ട കൂട്ടുകാരിൽ ആരെയെങ്കിലും വോട്ട് ചെയ്ത് ഇറങ്ങിയപ്പോഴോ അതിനു ശേഷമോ എക്സിറ്റ് പോൾ വിവരങ്ങൾ ശേഖരിക്കാൻ ഏതെങ്കിലും ഏജൻസികൾ സമീപിച്ചിരുന്നോ എന്ന്. ഇല്ല എന്നാണ് കമൻറുകൾ നോക്കിയപ്പോൾ മനസ്സിലായത്. ഇതെഴുതുന്നത് വരെ എന്നോടും എന്റെ പരിചയക്കാരോടുമൊന്നും ആരും ഒന്നും ചോദിച്ചിട്ടില്ല എന്നതും പറയട്ടെ. പ്രവചനങ്ങൾ റിസൽട്ട് വന്ന പോലെയാണ് കൊണ്ടാടപ്പെടുന്നത്. കേരള മൊഴികെ എല്ലായിടത്തും എക്സിറ്റ് പോളിൽ മഹാഭൂരിപക്ഷം എൻ ഡി എ നേടിയെന്നറിഞ്ഞ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് വലിയ സന്തോഷമായി.ആ സന്തോഷത്തോടെ അദ്ദേഹം പറയുന്നത് അങ്ങനെയെങ്കിൽ രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനത എന്ന് കേരളത്തിലുള്ളവർ ഇനിമേൽ അറിയപ്പെടും എന്നാണ്.ഇതേപ്പറ്റിയുള്ള ചിന്തകൾ വായിക്കുന്നവർക്ക് വിടുന്നു. ജനാധിപത്യ സംസ്കാരത്തിൽ വോട്ട് പൗരന്റെ സ്വതന്ത്രമായ അവകാശമാണ്. അത് വിനിയോഗിക്കുന്നവരെ പരിഹസിക്കുന്നത് ന്യായമായ കാര്യമല്ല. വടക്കേ ഇന്ത്യ മുഴുവൻ ഇന്ദിരാഗാന്ധിയെ കൈവിട്ട വോട്ട് കാലത്ത് കേരളത്തിലെ വോട്ടർമാർ ഇന്ദിരയുടെയൊപ്പം നിന്നത് ഇപ്പോൾ സ്മരിച്ചു പോകുന്നു.നേതാക്കൻമാരുടെ ആഹ്വാനങ്ങളല്ല, അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നയങ്ങളാണ് വോട്ടറുടെ മനസ്സിലേക്ക് വരേണ്ടത്. അത് ചിന്തിച്ചുറപ്പിക്കാൻ ഏതൊരുവനും അധികാരമുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങളെപ്പറ്റി വ്യത്യസ്തമായി പ്രതികരിച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ശ്രദ്ധേയനാകുന്നത് 'എക്സിറ്റ് പോൾ ഫലങ്ങൾ എക്സാക്റ്റല്ല യഥാർത്ഥ ഫലം വരുന്നത് കാത്തിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അത് പോലെ, കേരളത്തിൽ യു.ഡി.എഫ് വമ്പിച്ച ഫലം കൊയ്യും എന്നും പറഞ്ഞ് അവർ അമിത സന്തോഷം പുലർത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല.തിരഞ്ഞെടുപ്പ് ഫലം 23-ന് പുറത്ത് വരും. അതു വരെ ജയിച്ചുവെന്ന നിഴൽ നാടകം കളിക്കുന്നത് ഗുണം ചെയ്യില്ല. യഥാർത്ഥ വിജയങ്ങൾ വെളിപ്പെടും വരെ കാത്തിരിക്കാം. അപ്രതീക്ഷിത വിജയങ്ങളും അത്യാവശ്യ വിജയങ്ങളും അന്ന് സംഭവിക്കട്ടെ...!
 
 ആൻസി സാജൻ