വാട്‌സ് ആപ് ദുരുപയോഗം ചെയ്താല്‍ പണികിട്ടും

By Karthick

Sunday 16 Jun 2019 07:31 AM

ന്യൂഡല്‍ഹി: വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്‌സാപ്പ് മുന്നറിയിപ്പ് നല്‍കി. വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍, അവര്‍ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
                                                                                                                                
ബള്‍ക്ക്, ഓട്ടോമേറ്റഡ് മെസേജുകള്‍ അയച്ചാല്‍ നടപടിയുണ്ടാകും. ഏതുതരത്തിലുള്ള നിയമ നടപടിയാകും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
                                                                                                                                
ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വ്യാജ ആപ്പ് വഴി സോഫ്റ്റ വെയര്‍ ഉപയോഗിച്ച് ബള്‍ക്ക് മെസേജുകള്‍ ഓട്ടോമാറ്റിക്കായി അയച്ചതായി കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പുപയോഗിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

ഒരാള്‍ക്ക് ഒരുസന്ദേശം അഞ്ചുപേര്‍ക്ക് മാത്രം അയക്കാന്‍ കഴിയുന്നതരത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് കഴിഞ്ഞവര്‍ഷം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
20 കോടി ഉപയോക്താക്കളാണ് വാട്ട്‌സാപ്പിന് ഇന്ത്യയിലുള്ളത്.