കാലങ്ങളായി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലും വാഹനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധമായ കാര്യങ്ങള്‍ മാത്രമല്ല പൊതുവായ കാര്യങ്ങളില്‍ പോലും ധാരണക്കുറവുള്ള നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ കാലങ്ങളായി ഡ്രൈവര്‍മാരെ കണ്‍ഫ്യൂഷനിലാക്കുന്ന ഒരു ചോദ്യമാണ് വാഹനങ്ങളിലെ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യം. ചൂട് കാലത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ അത് ഗുണമാണോ ദോഷമാണോ എന്നതാണ് പലരുടേയും സംശയം.

ഇതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ഫുള്‍ ടാങ്ക് അടിക്കരുതെന്നും അടിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നവരും നിരവധിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വേനല്‍ക്കാലത്ത് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നതാണ് വസ്തുത. രാജ്യത്തെ പ്രമുഖ ഇന്ധന വിതരണ ഗ്രൂപ്പായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതേ അഭിപ്രായം മുമ്പ് വ്യക്തമാക്കിയിരുന്നു. ഒരു വാഹനം പുറത്തിറക്കുമ്പോള്‍ ആ മോഡലിന്റെ എല്ലാ വശങ്ങളും കമ്പനികള്‍ പരിശോധിക്കാറുണ്ട്.

കമ്പനി നിര്‍ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം നിറയ്ക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല എന്ന് മാത്രമല്ല ഇത് പൂര്‍ണമായും സുരക്ഷിതവുമാണ്. ഇന്ധനം നിറയ്ക്കുന്നതിന് ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഇനി ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമേയില്ല. എന്നാല്‍ വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം അതിന് സമീപത്ത് തീ പടരാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അപകട സാദ്ധ്യത കൂടുതലാണ്.