കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാതൃക ലോകത്തിനു നൽകിയ വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസി ഇത്തവണ ജി 7 ലോക രാജ്യങ്ങളുടെ നേതാക്കളുടെ സംഗമവേദിയായി. ഇത്തവണത്തെ ജി 7 ഉച്ചകോടിയുടെ പ്രമേയം അംഗപരിമിതർ അനുഭവിക്കുന്ന യാതനകളും, പരിഹാരമാർഗ്ഗങ്ങളുമാണ്. ഇറ്റാലിയൻ സർക്കാരിന്റെ നേതൃത്വത്തിലാണ് ജി 7 ഉച്ചകോടി സമ്മേളനം നടക്കുന്നത്. ഇറ്റലിക്ക് പുറമെ, അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള, അംഗപരിമിതരായവർക്കുള്ള മന്ത്രാലയനേതാക്കളും, പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ഈ രാജ്യങ്ങൾക്കു പുറമെ, കെനിയ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം തുടങ്ങിയ നാല് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയിൽ പങ്കെടുക്കുന്നവർ ചർച്ചയിൽ ഉന്നയിക്കുന്ന വിഷയങ്ങളുടെ അന്തിമ റിപ്പോർട്ട് ഫ്രാൻസിസ് പാപ്പായ്ക്കു സമർപ്പിക്കുമെന്നതും ഈ ഉച്ചകോടിയുടെ പ്രത്യേകതയാണ്. ഉദ്ഘാടന ചടങ്ങിൽ, അസീസിയിലെ ബസിലിക്കയ്ക്ക് മുൻപിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക അരങ്ങിൽ, എൺപതോളം സംഗീതജ്ഞരെ അണിനിർത്തിക്കൊണ്ടാണ്, വിവിധ ദേശീയ ഗാനങ്ങൾ ആലപിച്ചത്, ഇവരിൽ അൻപതോളം പേർ  ഭിന്നശേഷിക്കാരായിരുന്നുവെന്നതും, ഏറെ പ്രത്യേകത ഉൾക്കൊള്ളുന്നു. തുടർന്ന്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള  മന്ത്രിമാരുടെ അഭിസംബോധനകൾക്കു ശേഷം,  ഭിന്നശേഷിക്കാരായ നിരവധി യുവാക്കളുടെ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെട്ടു. നിശ്ചയദാർഢ്യം, ദൃഢത,  ധൈര്യം, പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം എന്നിവ യുവാക്കൾ മുൻപോട്ടു വച്ചു.

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അംഗപരിമിതർക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷയുടെ മേൽനോട്ടം വഹിക്കുന്ന. സിസ്റ്റർ വെറോണിക്ക ഡോണാതെല്ലയും ഈ ഉച്ചകോടിയുടെ ഭാഗമാണ്. അംഗപരിമിതരായ 140 ഓളം സന്നദ്ധപ്രവർത്തകരാണ് ഈ സമ്മേളനം മനോഹരമാക്കുവാൻ സിസ്റ്ററിന്റെ നേതൃത്വത്തിൽ അധ്വാനിക്കുനത്. ഭിന്നശേഷിക്കാരായ സഹോദരങ്ങളെ മാറ്റിനിർത്താതെ, ചേർത്തുപിടിക്കണമെന്നു സിസ്റ്റർ ആവശ്യപ്പെട്ടു. അതിനു ലോകത്തിൽ  സാംസ്കാരികമായ ഒരു മാറ്റത്തിന് ഈ ജി 7 ഉച്ചകോടി സഹായകരമാകുമെന്നും സിസ്റ്റർ പ്രത്യാശിക്കുന്നു.