കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ ഏറ്റുമുട്ടൽ ഉണ്ടായ സംഭവത്തിലാണ് ഓംപ്രകാശിനെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ്. ഓംപ്രകാശ് ഉൾപ്പെടെ 12 പേരാണ് പിടിയിലായിട്ടുള്ളത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. 

ഈഞ്ചയ്ക്കലിലെ ബാറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാജന്‍റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വക്കേറ്റമുണ്ടാവുകയായിരുന്നു. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തി.

സംഭവത്തിൽ അന്ന് ഫോർട്ട് പോലീസ് കേസെടുത്തിരുന്നു.  ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിനുശേഷം ശനിയാഴ്ച ഓംപ്രകാശും സംഘവും ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിലും എത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചിട്ടാണ് ഇവർ മടങ്ങിയത്.