ഇസ്രായേല്‍-ഹമാസ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന്‌ ആരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്റ്റുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനമെടുത്തേക്കും. ഒരു കരാറില്‍ പരസ്പര ധാരണ ആയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.

അതേസമയം വൈദ്യ സഹായം ആവശ്യമുള്ള ആയിരക്കണക്കിന് പാലസ്തീനികള്‍ക്കായി ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്ന റാഫ അതിര്‍ത്തി ക്രോസിങ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയിലെ പാലസ്തീന്‍ ആരോഗ്യ അധികാരികള്‍ പ്രഖ്യാപിച്ചു.

വടക്കന്‍ ഗാസയിലേക്ക് പലസ്തീനികളുടെ തിരിച്ചുവരവിനും തകര്‍ന്ന പ്രദേശത്തിന് സഹായം വര്‍ധിപ്പിക്കുന്നതിനും ഇസ്രയേല്‍ വഴിയൊരുക്കും. അതിനിടെ ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച ട്രംപുമായി വാഷിങ്ണില്‍ കൂടിക്കാഴ്ച നടത്തും.

നാലാം ഘട്ട കൈമാറ്റത്തില്‍ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നു പേരെയും ബന്ദികളാക്കിയത്. ഇതിന് പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ച 81 പേ രും ഇസ്രയേല്‍ മോചിപ്പിച്ചിരുന്നു.