1990 മുതൽ രാജ്യത്ത് 80 വൈദികർ കൊല്ലപ്പെട്ടതായി മെക്‌സിക്കോയിലെ സഭാംഗങ്ങൾക്കെതിരായ അക്രമങ്ങൾ രേഖപ്പെടുത്തുന്ന സംഘടനയായ കാത്തലിക് മൾട്ടി മീഡിയ സെന്റർ (സി. സി. എം.) റിപ്പോർട്ട് ചെയ്തു. “മെക്സിക്കോയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം അക്രമം എല്ലാവരെയും ബാധിക്കുന്ന ആശങ്കാജനകമായ തലത്തിൽ എത്തിയിരിക്കുന്നു” എന്ന് സി.  സി. എം. ഡയറക്ടർ ഫാ. ഒമർ സോട്ടെലോ അഗ്വിലാർ ഡിസംബർ ഒമ്പതിനു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ റീജനറേഷൻ മൂവ്‌മെന്റ് (മൊറേന) പാർട്ടിയുടെ സ്ഥാപകനായ മുൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ (2018-2024) ആറുവർഷത്തെ ഭരണ കാലാവധി മെക്‌സിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആക്രമണങ്ങളിലെത്തി. അക്രമത്തിന്റെയും അധികാരശൂന്യതയുടെയും നിയമവാഴ്ചയുടെ ശിഥിലീകരണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാ. ഒമർ പറഞ്ഞു.

ഭീഷണികൾ, മോഷണം, അക്രമം തുടങ്ങിയ കത്തോലിക്കാ പുരോഹിതരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ആക്രമണങ്ങളും സി.  സി. എം. റിപ്പോർട്ട് തുറന്നുകാട്ടുന്നു. 1993 മെയ് 24 ന് ജാലിസ്‌കോ സംസ്ഥാനത്തെ വിമാനത്താവളത്തിൽ വച്ചു നടന്ന ഗ്വാഡലജാരയിലെ ആർച്ച്ബിഷപ്പ് കർദിനാൾ ജുവാൻ ജെസസ് പൊസാദാസ് ഒകാമ്പോയുടെ കൊലപാതകമാണ് ഏറ്റവും ദാരുണമായ ഒന്ന്. 31 വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ ശിക്ഷിക്കാനോ, കുറ്റകൃത്യം പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല.

സി. സി. എം. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ആറുവർഷത്തെ കാലയളവിൽ പത്ത് വൈദികർ മെക്സിക്കോയിൽ കൊല്ലപ്പെട്ടു. 14 വൈദികരും ബിഷപ്പുമാരും ആക്രമിക്കപ്പെട്ടു. പ്രതിവാരം ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെട്ടു. കൂടാതെ, കത്തോലിക്കാ സഭയിലെ അംഗങ്ങൾക്കെതിരെ 900 ഓളം കൊള്ളയടിക്കൽ, വധഭീഷണി എന്നിവയും റിപ്പോർട്ടിലുണ്ട്.