ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത ജെമിനി എഐയിൽ അവതരിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തുന്നതിനായാണ് ഈ നീക്കം. 

ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വിയോ2 വീഡിയോ ജനറേഷൻ ഫീച്ചർ ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. എന്നിരുന്നാലും, ജെമിനിയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഈ ഉപകരണം ആക്‌സസ് ചെയ്യാൻ കഴിയില്ല. വിയോ2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്പുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.

ഗൂഗിള്‍ ജെമിനിയിലെ Veo2 സവിശേഷത മോഡല്‍ പിക്കര്‍ മെനുവിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് എട്ട് സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും.

 Veo2 നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് 720ു റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോര്‍മാറ്റില്‍ സൗകര്യപ്രദമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്യാമറ ലെന്‍സുകള്‍, സങ്കീര്‍ണ്ണമായ ക്യാമറ ചലനങ്ങള്‍, വിവിധ സിനിമാറ്റിക് ഇഫക്റ്റുകള്‍ എന്നിവ അവരുടെ വീഡിയോകളില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും നല്‍കുന്നു.

അതേസമയം, Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ പരിധിയിലെത്തിക്കഴിഞ്ഞാൽ, അവർക്ക് ഗൂഗിളിൽ നിന്ന് ഒരു അറിയിപ്പ് ലഭിക്കും. ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ സൃഷ്ടിക്കുന്ന വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി AI ഉപയോക്താക്കളെ അനുവദിക്കുന്നു.