ഇന്ത്യക്കാര്‍ 2024 ൽ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായി പാരീസിൽ ചരിത്രം സൃഷ്ടിച്ച ‘വിനേഷ് ഫോഗട്ട്’ എന്ന പേരാണ്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയതും 2024 ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് നിയമസഭാംഗമായി (എംഎൽഎ) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതുള്‍പ്പെടെ വിനേഷ് ഫോഗട്ടിനെ വാര്‍ത്തകളില്‍ നിറച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളോടെയാണ് നിതീഷ് കുമാര്‍ ഇത്രമേല്‍ ശ്രദ്ധ നേടിയത്. 

ചിരാഗ് പസ്വാന്‍ മൂന്നാം സ്ഥാനത്തും, ഹര്‍ദിക് പാണ്ഡ്യ നാലം സ്ഥാനത്തുമെത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞ അഞ്ചാമത്തെ പേര് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണിന്റേതാണ്. ശശാങ്ക് സിങ്, പൂനം പാണ്ഡെ, രാധിക മെര്‍ച്ചന്റ്, അഭിഷേക് ശര്‍മ, ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി. ഗൂഗിള്‍ സെര്‍ച്ചുകളില്‍ പത്തില്‍ 5 പേരുകളും കായിക താരങ്ങളാണ് എന്നുള്ളത് കൗതുകകരമായ വാര്‍ത്തയാണ്.