ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാതകളിലുടനീളം 5,833 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. റോഡ് ഗതാഗത മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ‌ ദേശീയപാതകളിൽ 5,293 ചാർജിങ് സ്റ്റേഷനുകളുണ്ട്. ഇവയിൽ 4,729 എണ്ണം പെട്രോളിയം മന്ത്രാലയം സ്ഥാപിച്ചവയാണ്. 178 കോടി രൂപ ചെലവിലാണ് ഈ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ആകെ 7,432 ചാര്‍ജിങ് സ്റ്റേഷനുകൾ നിർമ്മിക്കാനാണ് പദ്ധതി. ഇവയിൽ 5,833 എണ്ണം എത്രയും വേഗം നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നു.

ദേശീയ പാതകളിലെ ചാർജിങ് സ്റ്റേഷൻ നിർമ്മാണത്തിന് ഓയിൽ മാർ‌ക്കറ്റിങ് കമ്പനികളെയാണ് ഗതാഗത മന്ത്രാലയം ആശ്രയിക്കുന്നത്. മൂന്ന് എണ്ണക്കമ്പനികൾക്ക് 800 കോടി രൂപയുടെ മൂലധന സബ്സിഡി ചാർജിങ് സ്റ്റേഷൻ നിർമാണത്തിനായി നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ദേശീയപാതകളിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുള്ളത്. 750 ചാര്‍ജിങ് സ്റ്റേഷനുകൾ ഈ സംസ്ഥാനത്തെ ദേശീയ പാതകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഉത്തർപ്രദേശിൽ 577ഉം, രാജസ്ഥാനിൽ 482ഉം, തമിഴ്നാട്ടിൽ 369ഉം, കർണാടകത്തിൽ 300ഉം, ഹരിയാനയിൽ 284ഉം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

2023ലെ കണക്കുകൾ പ്രകാരം കേരളത്തിൽ പൊതു ഉടമസ്ഥതയില്‍ 192 ചാര്‍ജിങ് സ്റ്റേഷനുകളാണ് ഉള്ളത്. ഇത് ദേശീയപാതയിലെ മാത്രം കണക്കല്ല, മൊത്തം കണക്കാണ്. ഡല്‍ഹിയിൽ മൊത്തം 1845 ചാര്‍ജിങ് സ്റ്റേഷനുകളുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം 2023 മാർച്ചിൽ അറിയിക്കുകയുണ്ടായി.

കേരളത്തിൽ കെഎസ്ഇബിയും ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പ്രതിമാസം 30 ലക്ഷത്തോളം രൂപ ഈ വഴിക്ക് കെഎസ്ഇബിക്ക് വരുമാനവും ലഭിക്കുന്നുണ്ട്. കേരളത്തിൽ 1.6 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളോ ഹൈബ്രിഡ് വാഹനങ്ങളോ വാങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്.

കെഎസ്ഇബി ചാർജിങ് സ്റ്റേഷനുകളിൽ ഫാസ്റ്റ് ചാര്‍ജിങ്ങിന് യൂണിറ്റ് 13 രൂപ ചെലവ് വരുന്നു. സ്ലോ ചാർജിങ്ങിന് 9 രൂപയാണ്. ഇതോടൊപ്പം 18 ശതമാനം ജിഎസ്ടിയും വരും.

63 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബിക്കു കീഴിലുള്ളത്. വൈദ്യുതിത്തൂണുകളിൽ ഘടിപ്പിച്ചിട്ടുള്ള സാധാരണ ചാര്‍ജിങ് യൂണിറ്റുകൾ 1169 എണ്ണം വരും. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ 680 ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്.

കെഎസ്ഇബി ഇനിയും ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്താകെ 2392 ചാര്‍ജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബി ഇനി സ്ഥാപിക്കുക. വർഷാവർഷം ഇതുവഴിയുള്ള വരുമാനം കൂടി വരികയാണ്. 2021-22 വർഷത്തിൽ 6.46 ലക്ഷം രൂപയായിരുന്നു വരുമാനം. 2022-23 വർഷത്തിൽ വരുമാനം 33.62 ലക്ഷം രൂപയായി ഉയര്‍ന്നു. 2023-24 വർഷത്തിൽ കെഎസ്ഇബിക്ക് 2.06 കോടി രൂപയാണ് ചാർജിങ് സ്റ്റേഷനുകളിലൂടെ വരുമാനം ലഭിച്ചത്.