ഹൈറ്റിയിലെ കുട്ടികൾ ചിന്തിക്കാനാകുന്നതിലുമപ്പുറമുള്ള ആക്രമണങ്ങൾക്കാണ് ഇരകളാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഹൈറ്റിയിലെ പ്രാദേശികവിഭാഗം പ്രതിനിധി ഗീത നാരായൺ. ഫെബ്രുവരി പതിനൊന്നാം തീയതി, സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥി വെടിയുണ്ടയ്ക്കിരയായെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു.
അക്രമിസംഘങ്ങൾ തമ്മിൽ വെടിവയ്പ്പ് നടക്കുന്നതിനിടെയാണ് സ്‌കൂൾ കെട്ടിടത്തിനുള്ളിലായിരുന്ന ഈ വിദ്യാർത്ഥി കൊല്ലപ്പെട്ടതെന്ന് എഴുതിയ ശിശുക്ഷേമനിധി പ്രതിനിധി, കുട്ടികൾക്ക് സുരക്ഷിതയിടമാകേണ്ട ഇടത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് അപലപിച്ചു.
കഴിഞ്ഞ ആഴ്ച്ചാവസാനം രണ്ടു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയെ, അമ്മയുടെ മുന്നിൽവച്ച് അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. ലോകമനഃസാക്ഷിയെ ഞെട്ടിക്കേണ്ട കൊടും ക്രൂരതയാണിതെന്ന് ഗീത നാരായൺ ഓർമ്മിപ്പിച്ചു. വെറുമൊരു അക്രമമെന്നതിനേക്കാൾ, മാനവികതയ്‌ക്കെതിരെയുള്ള ഒരു ആക്രമണമാണിതെന്ന് ശിശുക്ഷേമനിധി പ്രതിനിധി വിശേഷിപ്പിച്ചു.
ഇതുപോലെയുള്ള കൊടും ഭീകരതയ്ക്കെതിരെ പ്രവർത്തിക്കാൻ ഹൈറ്റി ദേശീയ അധികാരികളോടും, അന്താരാഷ്ട്രസമൂഹത്തോടും യൂണിസെഫ് പ്രാദേശികഘടകം ആവശ്യപ്പെട്ടു. ഹൈറ്റിയിലെ കുട്ടികളെ സംരക്ഷിക്കുകയും, അവരുടെ അവകാശങ്ങൾ പരിപാലിക്കുകയും, സുരക്ഷാ ഉറപ്പാക്കുകയും വേണമെന്ന് ഗീത നാരായൺ ശിശുക്ഷേമനിധിയുടെ പേരിൽ അഭ്യർത്ഥിച്ചു. ലോകത്തിന് ഇതൊന്നും കണ്ടില്ലെന്ന രീതിയിൽ നിശബ്ദമായിരിക്കാൻ സാധിക്കില്ലെന്നും, എല്ലാ കുട്ടികൾക്കും ഭയലേശമന്യേ ജീവിക്കാനുള്ള അവകാശമുണ്ടെന്നും തങ്ങളുടെ സന്ദേശത്തിൽ യൂണിസെഫ് എഴുതി.
ഫെബ്രുവരി 19 ബുധനാഴ്ച എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് കരീബിയൻ പ്രദേശത്തെ ഹൈറ്റിയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഭീകരതയ്ക്കെതിരെ യൂണിസെഫ് പ്രാദേശികഘടകം അപലപിച്ചത്.