ന്യൂഡൽഹി: ഭക്ഷ്യ ഇതര ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. സിമന്റിനും കമ്പിക്കും ആട്ടമാവിനും വരെ ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. മുസ്ലീം ഇതര ഉപഭോക്താക്കൾ ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടി വരുന്നുവെന്ന് സുപ്രീംകോടതിയിൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഉൽപ്പന്നങ്ങൾക്ക് യുപി ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഭക്ഷ്യ ഉത്പന്നങ്ങൾ, പ്രത്യേകിച്ച് മാംസാഹാരങ്ങൾക്കായിരുന്നു ഹലാൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സിമന്റ്, ഇരുമ്പ് കമ്പി, വാട്ടർ ബോട്ടിൽ, ആട്ടമാവ്, കടലമാവ്, എന്നിങ്ങനെ എല്ലാത്തിലും ഹലാൽ സർട്ടിഫിക്കേഷൻ ഉണ്ട്. കമ്പനികൾ ഇതൊരു വിപണന തന്ത്രമായി ഉപയോഗിക്കുന്നു.

ഹലാൽ സർട്ടിഫിക്കേഷനുള്ള ഉത്പന്നങ്ങൾക്ക് അധിക വില നൽകേണ്ടി വരുന്നു. ഇതുപയോഗിച്ച് ഏജൻസികൾ ലക്ഷങ്ങളും കൊടികളും സമ്പാദിച്ചുവെന്നും ഉത്തർപ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു,

ഇസ്ലാമിക നിയമമനുസരിച്ച് ‘അനുവദനീയം’ എന്നർത്ഥമുള്ള അറബി പദമാണ് ഹലാൽ. ഇത് സാധാരണയായി ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് മാംസാഹാരങ്ങൾ ഇസ്ലാമിക ഭക്ഷണ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത്. എന്നാൽ ഭക്ഷണത്തിനപ്പുറം വിപണിയിലെ മറ്റ് ഉത്പന്നങ്ങളിലും ഹലാൽ സർട്ടിഫിക്കേഷന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.